രാഹുലിന്‌ പട്ടാഭിഷേകം

single-img
20 January 2013

അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമായി. കോണ്‍ഗ്രസ്സിന്റെ തലപ്പത്ത്‌ ഇനി രാഹുല്‍ ഗാന്ധിയുടെ കാലം. പാര്‍ട്ടിയുടെ ഏക വൈസ്‌ പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ നിയോഗിക്കാനുള്ള നിര്‍ണ്ണായക തീരുമാനം കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തക സമിതി യോഗം കൈക്കൊണ്ടു. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തിന്‌ പുറമേ പാര്‍ട്ടിയിലെ രണ്ടാം സ്ഥാനക്കാരന്റെ പദവിയും രാഹുലിന്‌ തന്നെയായിരിക്കും.

ജയ്‌പൂരില്‍ ചിന്തന്‍ ശിബിറിന്‌ ശേഷം നടന്ന വിശാല പ്രവര്‍ത്തക സമിതി യോഗത്തില്‍ എ.കെ.ആന്റണിയാണ്‌ രാഹുല്‍ ഗാന്ധിയുടെ പേര്‌ ബൈസ്‌പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ നിര്‍ദ്ദേശിച്ചത്‌. നിര്‍ദ്ദേശം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിക്കുകയും യോഗം ഐകകണ്‌ഠേന അംഗീകരിക്കുകയും ചെയ്‌തു. ഇന്ന്‌ ചേരുന്ന എഐസിസി സമ്മേളനം പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനം അംഗീകരിക്കുന്നതോടെ ഔദ്യോഗികമായി രാഹുല്‍ പുതിയ പദവി ഏറ്റെടുക്കും.

കോണ്‍ഗ്രസ്സില്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ പദവി എന്താകുമെന്ന ചോദ്യത്തിന്‌ ഇതോടെ അവസാനമായി. 2014 നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നത്‌ രാഹുലായിരിക്കും. എന്നാല്‍ അദേഹം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അമ്മയും മകനും കോണ്‍ഗ്രസ്സിന്റെ ആദ്യ രണ്ട്‌ ശക്തികേന്ദ്രങ്ങളാകുന്ന പ്രത്യേകതയ്‌ക്കൊപ്പം മറ്റൊന്നു കൂടിയുണ്ട്‌. രാജീവ്‌ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായിരുന്ന സമയത്ത്‌ അര്‍ജുന്‍ സിങ്‌ ഉപാധ്യക്ഷ പദവി വഹിച്ചതിനു ശേഷം ആദ്യമായാണ്‌ കോണ്‍ഗ്രസ്സില്‍ വൈസ്‌ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്‌.