ടിക്കറ്റ്‌ നിരക്ക്‌ വര്‍ദ്ധിപ്പിക്കില്ല : ആര്യാടന്‍

single-img
20 January 2013

ഡീസല്‍ വില വര്‍ദ്ധന കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ കനത്ത ബാധ്യത അടിച്ചേല്‌പ്പിക്കുമെങ്കിലും അതിന്റെ പേരില്‍ നിരക്കു വര്‍ദ്ധനയുണ്ടാകില്ലെന്ന്‌ മന്ത്രി ആര്യടന്‍ മുഹമ്മദ്‌. 900 കോടിയുടെ നഷ്ടത്തില്‍ ബുദ്ധിമുട്ടുന്ന കോര്‍പ്പറേഷനെ ഈ നിലയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു.

വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തി കെഎസ്‌ആര്‍ടിസിയില്‍ നിന്ന്‌ അമിത തുക ഈടാക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനമാണ്‌ പുതിയ പ്രതിസന്ധിയിലേയ്‌ക്ക്‌ നയിച്ചത്‌. ലിറ്ററിന്‌ 11.25 രൂപയാണ്‌ കോര്‍പ്പറേഷന്‍ അധികം നല്‍കേണ്ടത്‌. ഇത്‌ പ്രതിമാസം 15 കോടിയുടെ അധിക ബാധ്യതയാണ്‌ ഉണ്ടാക്കുന്നത്‌.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പോലും ബുദ്ധിമുട്ടുന്ന കെഎസ്‌ആര്‍ടിസി പുതിയ പ്രശ്‌നം നേരിടുന്നതിനായി ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഇതുപ്രകാരം ആയിരത്തി അഞ്ഞൂറിലേറെ ഷെഡ്യൂളുകള്‍ ഇന്നുമുതല്‍ ഉണ്ടാകില്ല. സംസ്ഥാനത്തെ ഗതാതഗ മേഖലയെ തന്നെ സ്‌തംഭനത്തിലേയ്‌ക്ക്‌ നയിക്കുന്ന തരത്തിലുള്ള സാഹചര്യമാണ്‌ കെഎസ്‌ആര്‍ടിസി നേരിടുന്നത്‌.