കൂള്‍ ക്യാപ്‌റ്റന്റെ നാടിന്‌ ടീം ഇന്ത്യയുടെ സമ്മാനം

single-img
19 January 2013

നായകന്റെ ജന്മ നാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരമെത്തുമ്പോള്‍ ഇതിലും വലിയ ആഘോഷം വേറെയുണ്ടാകില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്‍മാരിലൊരാളായ മഹേന്ദ്ര സിങ്‌ ധോണിയെ രാജ്യത്തിന്‌ സമ്മാനിച്ച റാഞ്ചിയ്‌ക്ക്‌ ടീം ഇന്ത്യ ഉപഹാരമായി നല്‍കിയത്‌ ഉജ്വല വിജയം. മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ചിത്രത്തിലെങ്ങും അവശേഷിപ്പിക്കാത്ത പ്രകടനമാണ്‌ ഇന്ത്യ കാഴ്‌ചവെച്ചത്‌.. 131 പന്തുകള്‍ ബാക്കി നില്‍ക്കേ ഏഴുവിക്കറ്റിന്‌ സന്ദര്‍ശകരെ തകര്‍ത്ത ഇന്ത്യ പരമ്പരയില്‍ 2-1 ന്‌ മുന്നിലെത്തി.

കളി പഠിച്ച മണ്ണില്‍ നേടിയ വിജയം പുതിയൊരു പൊന്‍തൂവല്‍ കൂടി ധോണിയുടെ തൊപ്പിയില്‍ ചാര്‍ത്തിയിരിക്കുകയാണ്‌. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങളിലേയ്‌ക്ക്‌ നയിച്ച ക്യാപ്‌റ്റന്‍മാരുടെ നിരയില്‍ സൗരവ്‌ ഗാംഗുലിയ്‌ക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ്‌ ധോണിയിപ്പോള്‍. 76 വിജയങ്ങളാണ്‌ ഇരുവരും നേടിയത്‌. മുഹമ്മദ്‌ അസ്‌ഹറുദ്ദീനാണ്‌ 90 വിജയങ്ങളുമായി ഒന്നാമതുള്ളത്‌.

റാഞ്ചിയിലെ ആദ്യ ടോസ്സിന്റെ ഭാഗ്യം നാടിന്റെ പുത്രനായ മഹേന്ദ്ര സിങ്‌ ധോണിക്കൊപ്പം തന്നെ നിന്നു. ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കാനുള്ള ക്യാപ്‌റ്റന്റെ തീരുമാനത്തിനെ നീതീകരിച്ചു കൊണ്ട്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടി. ബൗളിങ്ങ്‌ ഓപ്പണ്‍ ചെയ്‌ത ഭുവനേശ്വര്‍ കുമാറും ഷമി അഹമ്മദും റണ്‍സ്‌ വിട്ടു കൊടുക്കാതെ ഇംഗ്ലീഷ്‌ ഓപ്പണര്‍മാരെ വരിഞ്ഞുമുറുക്കുന്ന കാഴ്‌ചയാണ്‌ ആദ്യ ഓവറുകള്‍ സാക്ഷ്യം വഹിച്ചത്‌. എട്ടാം ഓവറില്‍ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റന്‍ അലസ്റ്റര്‍ കുക്കിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഷമി അഹമ്മദ്‌ ആണ്‌ തകര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. തുടര്‍ന്ന്‌ കെവിന്‍ പീറ്റേഴ്‌സണും ഇയാന്‍ ബെല്ലും ചേര്‍ന്ന്‌ ടീമിനെ കരകയറ്റാനുള്ള ശ്രമമാരംഭിച്ചു. എന്നാല്‍ പീറ്റേഴ്‌സണ്‍ പുറത്തായതിനു പിന്നാലെ ഒന്നിനുപിറകെ ഒന്നായി ഇംഗ്ലീഷുകാര്‍ പവലിയനിലേയ്‌ക്ക്‌ മടങ്ങി. 42.2 ഓവറില്‍ 155 റണ്‍സിന്‌ എല്ലാവരും പുറത്താകുകയും ചെയ്‌തു.

ദുര്‍ബലമായ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട്‌ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ അജിന്‍ക്യ രഹാനെ പൂജ്യനായി മടങ്ങി. വണ്‍ ഡൗണായെത്തിയ വിരാട്‌ കോലി പുറത്താകാതെ നേടിയ അര്‍ദ്ധ ശതകം ഇന്ത്യന്‍ ഇന്നിംഗ്‌സിന്‌ കരുത്തു പകര്‍ന്നതോടെ 28.1 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ഗൗതം ഗംഭീര്‍(33) പുറത്തായതിനു ശേഷമെത്തിയ യുവരാജ്‌ സിങും (30) മികച്ച കളിയാണ്‌ പുറത്തെടുത്തത്‌.

ഇന്ത്യയുടെ ഓരോ വിക്കറ്റ്‌ വീണപ്പോഴും നിറഞ്ഞ കൈയടിയോടെയാണ്‌ കാണികള്‍ സ്വീകരിച്ചത്‌. തങ്ങളുടെ പ്രിയപ്പെട്ട മഹി സ്വന്തം മണ്ണില്‍ ബാറ്റേന്തുന്നതു കാണാനുള്ള കൊതിയായിരുന്നു ഏവര്‍ക്കും. ആരാധകരുടെ മനസ്സാഗ്രഹിച്ച പോലെ വിജയ ലക്ഷ്യത്തിന്‌ 12 റണ്‍സ്‌ അകലെ യുവരാജ്‌ സിങ്‌ ഔട്ടായതോടെ ധോണി ക്രീസിലെത്തി. തന്റെ ട്രേഡ്‌മാര്‍ക്കായ ഹെലികോപ്‌റ്റര്‍ ഷോട്ടിലൂടെ രണ്ട്‌ ഫോറുകളാണ്‌ ആരാധകര്‍ക്ക്‌ മഹി സമ്മാനിച്ചത്‌. ധോണി എന്ന പേരു മാത്രം മുഴങ്ങിയ സ്റ്റേഡിയത്തില്‍ ആദ്യ ജയം കുറിച്ച റണ്‍സ്‌ പിറന്നത്‌ മഹിയുടെ രണ്ടാമത്തെ ഫോറിലായത്‌ കാവ്യനീതിയായി.

ഒന്‍പതു ഫോറും രണ്ട്‌ സിക്‌സും പറത്തി 79 പന്തില്‍ 77 റണ്‍സെടുത്ത വിരാട്‌ കോലിയാണ്‌ കളിയിലെ താരം.