ക്യാപ്‌റ്റന്റെ നാട്ടില്‍ ക്രിക്കറ്റ്‌ മാമാങ്കം

single-img
18 January 2013

ഏഴു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജാര്‍ഖണ്ഡിലേയ്‌ക്ക്‌ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരം എത്തുകയാണ്‌. അതും റാഞ്ചിയില്‍. നാടിന്റെ പൊന്നോമന പുത്രന്റെ നായകത്വത്തില്‍. നാടെങ്ങും ഉത്സവ ലഹരിയിലാകാന്‍ വേറൊരു കാരണവും ആവശ്യമില്ല. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയുടെ റാഞ്ചിയില്‍ പുതുതായി പണിത ജാര്‍ഖണ്ഡ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മൂന്നാം ഏകദിനത്തിനായി ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങുമ്പോള്‍ നാടു മുഴുവന്‍ അവിടേക്ക്‌ ഒഴുകിയെത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഒരാള്‍ മാത്രമായിരിക്കും. നാട്ടുകാരുടെ സ്വന്തം മഹി നായകനായെത്തുകയാണ്‌. മികച്ച ഫോമില്‍ കളിക്കുന്ന അദേഹത്തിന്റെ മറ്റൊരു തട്ടുപൊളിപ്പന്‍ പ്രകടനത്തിനാണ്‌ ഏവരും കാത്തിരിക്കുന്നത്‌.
കഴിഞ്ഞ ദിവസം നടന്ന സ്റ്റേഡിയം ഉദ്‌ഘാടനത്തിലും തിളങ്ങിയത്‌ മഹി തന്നെ. ഉദ്‌ഘാടനത്തിന്റെ ഭാഗമായി നടന്ന കലാപരിപാടിയില്‍ 179 ഡ്രമ്മര്‍മാര്‍ക്കൊപ്പം ചേര്‍ന്ന്‌ മഹിയും കൊട്ടിക്കയറി. ശേഷം പുതിയ സ്റ്റേഡിയം തന്റെ നാടിന്‌ തിലകക്കുറിയായി മാറുമെന്ന്‌ ക്യാപ്‌റ്റന്റെ വാക്കുകള്‍ നിറഞ്ഞ കരഘോഷത്തോടെയാണ നാട്‌ സ്വീകരിച്ചത്‌. സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച ഏവര്‍ക്കും ധോണി നന്ദി പറഞ്ഞു. ജാര്‍ഖണ്ഡ്‌ ഗവര്‍ണര്‍ സയിദ്‌ അഹമദും ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനും സംയുക്തമായി സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. 39,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം 2009ലാണ്‌ ആരംഭിച്ചത്‌.

സീസണിലെ ഏറ്റവും മികച്ച വിജയമാണ്‌ കൊച്ചിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്‌. ആദ്യ ഏകദിനം ജയിച്ചെത്തിയ സന്ദര്‍ശകരെ 127 റണ്‍സിന്‌ തകര്‍ത്തതിന്റെ മാനസിക മുന്‍തൂക്കവും റാഞ്ചിയില്‍ ഇന്ത്യക്കൊപ്പമുണ്ട്‌. ക്യാപ്‌റ്റന്റെ നാട്ടില്‍ അദേഹത്തെ മുന്നില്‍ നിര്‍ത്തി മികച്ചൊരു വിജയം നേടാന്‍ ലക്ഷ്യമിടുകയാണ്‌ ടീം. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലെത്താന്‍ ലഭിക്കുന്ന സുവര്‍ണാവസരവുമാണ്‌ റാഞ്ചി ഏകദിനം.