സ്മാര്‍ട്ട് സിറ്റിയ്ക്ക് ഒറ്റ സെസ് പദവി

single-img
18 January 2013

സ്മാര്‍ട്ട് സിറ്റിയ്ക്ക് മുന്നിലുണ്ടായിരുന്ന അവസാന കടമ്പയും മാറിക്കിട്ടി. പദ്ധതി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് ഒറ്റ സെസ് പദവി നല്‍കാന്‍ കേന്ദ്ര സെസ് ബോര്‍ഡ് അനുമതി നല്‍കി. മുന്‍പ് സെസ് പദവി അനുവദിച്ചിരുന്ന 56 ഹെക്ടറിനോട് 43 ഹെക്ടര്‍ ഭൂമി കൂടി ചേര്‍ത്ത് ഒറ്റ പ്രത്യേക സാമ്പത്തിക മേഖലയാക്കിക്കൊണ്ടുള്ള തീരുമാനമാണ് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഒരു മാസത്തിനകമുണ്ടാകും.

പദ്ധതി പ്രദേശത്തെ രണ്ടായി വിഭജിച്ച് കടമ്പ്രയാര്‍ എന്ന നദി ഒഴുകുന്നതാണ് ഒറ്റ സെസ് നല്‍കുന്നതിന് തടസ്സമായി ആദ്യം അധികാരികള്‍ ഉന്നയിച്ചിരുന്നത്. സ്മാര്‍ട്ട് സിറ്റിയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ടീകോം ഒറ്റ സെസ് പദവി ആവശ്യവുമായി ഉറച്ചു നില്‍ക്കുകയായിരുന്നു. കടമ്പ്രയാറിനു കുറുകെ നിലവിലുള്ള ഒരു പാലത്തിന് പുറമെ മറ്റൊരു പാലം കൂടി പണിയുമെന്ന് കേരളവും ടീകോമും ഉറപ്പു നല്‍കി. തുടര്‍ന്ന് കേരളത്തിന്റെ ആവശ്യം പ്രത്യേകം പരിഗണിച്ചാണ് കേന്ദ്ര സെസ് അനുമതി ബോര്‍ഡ് സ്മാര്‍ട്ട് സിറ്റിയ്ക്ക് ഒറ്റ സെസ് പദവി നല്‍കിയത്. സ്മാര്‍ട്ട് സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന ജോലികള്‍ ത്വരിതപ്പെടുത്തുമെന്ന് പദ്ധതി എം.ഡി. അറിയിച്ചു.