കടല്‍ക്കൊല : കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ല

single-img
18 January 2013

കടല്‍ക്കൊല കേസില്‍ കേരളത്തിന് തിരിച്ചടി. കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നതിന് കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. വെടിവെപ്പു നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അല്ലെന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഇറ്റാലിയന്‍ നാവികര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയ്ക്ക് വെളിയിലാണ് വെടിവെയ്പ് നടന്നതെന്ന ഹര്‍ജിയിലെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ കേരള പോലീസ് നാവികര്‍ക്കെതിരെ തയ്യാറാക്കിയ എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു. കേസ് നിലനില്‍ക്കും. നാവിക നിയമമനുസരിച്ച് വേണം കേസ് നടത്തേണ്ടത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിചാരണക്കോടതി സ്ഥാപിക്കണമെന്നും പരമോന്നത കോടതി നിര്‍ദേശിച്ചു.

കേരളത്തിന്റെ അധീനതയിലുള്ള 12 നോട്ടിക്കല്‍ മൈലിന് പുറത്തുള്ള രാജ്യാന്തര കപ്പല്‍ ചാലിലാണ് വെടിവെപ്പ് നടന്നത്. ഇതിനാല്‍ കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ല. കേന്ദ്ര സര്‍ക്കാറിന്റെ അധികാരത്തിലാണ് ഇത് വരുന്നത്. എന്നാല്‍ രാജ്യാന്തര കോടതിയില്‍ വിചാരണ നടത്തണമെന്ന നാവികരുടെ ആവശ്യം സുപ്രീം കോടതി തള്ളി.