അച്ചടക്ക നടപടി അംഗീകരിക്കില്ല

single-img
17 January 2013

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സിപിഐ(എം) സംസ്ഥാന കമ്മിറ്റി പുറത്താക്കാന്‍ തീരുമാനമെടുത്ത മൂന്നു പേരെയും താന്‍ ഒഴിവാക്കില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വി.എസ്. അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സ്റ്റാഫംഗങ്ങള്‍ക്കെതിരായ നടപടിയുമായി മുന്നോട്ടു പോയാല്‍ പാര്‍ട്ടിയ്ക്ക് ക്ഷീണമാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്‍പായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന കമ്മിറ്റിയുടെ അച്ചടക്ക നടപടി കേന്ദ്ര കമ്മിറ്റി പരിഗണിക്കും.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കി എന്നാരോപിച്ച് വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള സുരേഷ്, വി.കെ.ശശിധരന്‍, ബാലകൃഷ്ണന്‍ എന്നിവരെ പുറത്താക്കാനാണ് സിപിഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ തിരിഞ്ഞതിനെയും വി.എസ്. വിമര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതിയനുസരിച്ച് സംസ്ഥാന കമ്മിറ്റിയുടെ അച്ചടക്ക നടപടി നിര്‍ദ്ദേശം കേന്ദ്ര കമ്മിറ്റി അംഗീകരിക്കാനാണ് സാധ്യത.