സര്‍ക്കാര്‍ ജീവനക്കാരുടെ സമരം പിന്‍വലിച്ചു

single-img
13 January 2013

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ ഇടതു സര്‍വ്വീസ് സംഘടനകള്‍ ആറു ദിവസങ്ങളായി നടത്തി വന്ന സമരം പിന്‍വലിച്ചു. സമരസമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരസമിതി സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. ചര്‍ച്ചയില്‍ അഞ്ച് കാര്യങ്ങളിലാണ് പ്രധാനമായും ധാരണയായിരിക്കുന്നത്. മിനിമം പെന്‍ഷന്‍ ഉറപ്പാക്കി. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നല്‍കുന്നത് തുടരും. പെന്‍ഷന്‍ വിഹിതം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കും. സമരത്തിലേര്‍പ്പെട്ടിരുന്നവര്‍ക്കെതിരേ എടുത്തിരിക്കുന്ന കേസുകള്‍ പുന:പരിശോധിക്കും. എന്നാല്‍ പൊതുസ്ഥാപനങ്ങളില്‍ അക്രമം നടത്തിയവര്‍ക്കെതിരായ കേസുകള്‍ പുന:പരിശോധിക്കില്ല. 2013 മാര്‍ച്ച് 30വരെ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് നിലവിലുള്ള പെന്‍ഷന്‍ രീതിയനുസരിച്ചാകും പെന്‍ഷന്‍ ലഭിക്കുക എന്ന കാര്യത്തിലും ധാരണയായി. 2013 ഏപ്രില്‍ ഒന്നിനു ശേഷം നിയമനം ലഭിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന വ്യവസ്ഥ ഇടതുസംഘടനകള്‍ അംഗീകരിക്കുകയായിരുന്നു. ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് മലപ്പുറത്ത് നടക്കുന്ന സ്‌കൂള്‍ കലോത്സവുമായി സഹകരിക്കുമെന്ന് സമരത്തിലേര്‍പ്പെട്ട അധ്യാപക സംഘടന അറിയിച്ചു.