ഇന്ന് ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ്

single-img
13 January 2013

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചി രിക്കേ ഇരുരാജ്യങ്ങളിലെയും ബ്രിഗേഡ് കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിംഗ് ഇന്നു പൂഞ്ച് സെക്ടറില്‍ നടക്കും. പൂഞ്ച് സെക്ടറിലെ ചകന്‍ ദ ബാഗില്‍ ഇന്ന് ഉച്ചയ്ക്കാണു ഫ്‌ളാഗ് മീറ്റിംഗ്. പാക്കിസ്ഥാനില്‍നിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവച്ചുകൊന്ന സംഭവം, തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനം എന്നിക്കാര്യങ്ങളില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം മീറ്റിംഗില്‍ അറിയിക്കുമെന്നറിയുന്നു.

അതിനിടെ നിയന്ത്രണരേഖയില്‍ ഇന്നലെ വീണ്ടും വെടിവയ്പ്പു ണ്ടായിട്ടുണ്ട്. നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ലംഘനം ചര്‍ച്ച ചെയ്യാന്‍ ബ്രിഗേഡിയര്‍ തലത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാന്‍ അതിനു സമ്മതിച്ചിരുന്നില്ല. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവില്ലെങ്കില്‍ ഇന്ത്യ മറ്റു വഴികള്‍ തേടുമെന്നു വ്യോമസേനാ മേധാവിയും സംയുക്തസേനാ തലവനുമായ എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ. ബ്രൗണ്‍ ശനിയാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണു ബ്രിഗേഡിയര്‍ തലത്തില്‍ ചര്‍ച്ചയ്ക്കു പാക്കിസ്ഥാന്‍ തയാറായിരിക്കുന്നത്. ഫ്‌ളാഗ് മീറ്റിംഗിനു സമ്മതമാണെന്ന കാര്യം ഹോട്ട്‌ലൈന്‍വഴി പാക്കിസ്ഥാന്‍ അറിയിക്കുകയായിരുന്നു. ഈമാസം എട്ടിനു രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ വെടിവച്ചുകൊന്നതാണു നിയന്ത്രണരേഖയില്‍ ഇപ്പോഴത്തെ സംഘര്‍ഷത്തിനു വഴിമരുന്നിട്ടത്. അവരിലൊരാളുടെ തലയറുത്ത നിലയിലായിരുന്നു.