ഓള്‍റൗണ്ട് മികവില്‍ ഇംഗ്ലണ്ട്

single-img
12 January 2013

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരം ഓള്‍റൗണ്ട് മികവില്‍ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മറുപടിയായി 316 എടുക്കാനേ ഇന്ത്യക്കായുള്ളു. മുന്‍നിര താരങ്ങള്‍ മികച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് കൈയെത്തും ദൂരെ ഇന്ത്യയ്ക്ക് വിജയം നഷ്ടമാക്കിയത്.

ടോസ്സ് നേടി ബാറ്റിങ്ങ് തെരഞ്ഞടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കും(75) ഇയാന്‍ ബെല്ലും(85) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 158 റണ്‍സിന്റെ പാര്‍ട്ട്‌നര്‍ഷിപ്പാണ് ഈ ജോഡി ഉയര്‍ത്തിയത്. കുക്കും ബെല്ലും പുറത്തായതിനു ശേഷം വന്നവരും സ്‌കോറിന് വേഗത നല്‍കുന്നതില്‍ ശ്രദ്ധിച്ചതോടെ മുന്നൂറിന് മുകളിലേയ്ക്ക് സ്‌കോര്‍ കുതിച്ചു. നാലു ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്ത്താനേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായുള്ളു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണതോടെ വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. ഗൗതം ഗംഭീര്‍ (52), യുവരാജ് സിംഗ് (61), സുരേഷ് റെയ്‌ന (50) എന്നിവര്‍ നേടിയ അര്‍ദ്ധ സെഞ്ച്വറികളും ഇന്ത്യയ്ക്ക് രക്ഷയായില്ല. പത്തോവറില്‍ 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റെടുത്ത ജയിംസ് ട്രെഡ്‌വെല്‍ ആണ് വിജയം ഇന്ത്യയില്‍ നിന്ന് തട്ടിയകറ്റിയത്.
ആദ്യ മത്സരത്തിലെ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിന് ഇംഗ്ലണ്ട് മുന്നിലെത്തി. ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താനുള്ള ഇന്ത്യയ്ക്കുണ്ടായിരുന്ന അവസരവും തോല്‍വിയോടെ നഷ്ടമായി. പരമ്പരയില്‍ എല്ലാ മത്സരവും ജയിച്ചിരുന്നെങ്കില്‍ ഇന്ത്യ ഒന്നാമതെത്തുമായിരുന്നു.