‘വിശ്വരൂപം’ കാണാം 25ന്

single-img
10 January 2013

സര്‍വ്വകലാവല്ലഭന്റെ ഏറ്റവും പുതിയ ചിത്രത്തിനായി ജനുവരി അവസാനം വരെ കാക്കണം. ഡിടിഎച്ച് റിലീസിങ്ങുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ പെട്ട് റിലീസ് നീട്ടി വെച്ച കമല്‍ ഹാസന്റെ സ്വപ്‌ന ചിത്രം ‘ വിശ്വരൂപം’ ജനുവരി 25ന് തിയേറ്ററുകളിലെത്തും.

ചിത്രം ഇന്ന് ഡിടിഎച്ച് വഴി ആരാധകരിലെത്തിക്കാനായിരുന്നു കമല്‍ ആദ്യം പ്ലാന്‍ ചെയ്തത്. നാളെ തിയേറ്റര്‍ റിലീസും നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ മുന്നോട്ട് വന്നതോടെ അദേഹം തന്റെ തീരുമാനം മാറ്റുകയായിരുന്നു. തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുമായും ഡിടിഎച്ച് കമ്പനികളഉമായും വിതരണക്കാരുമായും നടത്തിയ ചര്‍ച്ചയിലാണ് റിലീസ് ഡേറ്റ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നീങ്ങിയത്. തിയേറ്ററുകളിലെത്തി വളരെ വൈകാതെ തന്നെ ഡിടിഎച്ച് വഴിയും വിശ്വരൂപം കാണാന്‍ കഴിയും. അതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും.
ചിത്രം മുസ്ലീം വിരുദ്ധമാണെന്ന രീതിയില്‍ വ്യാജവാര്‍ത്ത പരന്നതും ഉലക നായകന് തലവേദന സൃഷ്ടിച്ചിരുന്നു. വിവാദങ്ങള്‍ എന്നും സിനിമകളെ വിജയത്തിലേയ്ക്ക് നയിച്ചിട്ടേ ഉള്ളു. കമല്‍ ഹാസന്‍ തന്നെ നിര്‍മ്മാണവും സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന 95 കോടി ബജറ്റിലൊരുങ്ങിയ വിശ്വരൂപത്തിനെയും ഇത് സഹായിക്കുമെന്നാണ് അദേഹത്തിന്റെ പ്രതീക്ഷ.