അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

single-img
10 January 2013

അഴിമതി ആരോപണത്തില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉള്‍പ്പെടെ മറ്റ് അഞ്ച് പേര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും. കോട്ടയം മണര്‍കാട് അനധികൃതമായി റേഷന്‍ ഡിപ്പോ അനുവദിച്ചു, കോട്ടയം ജില്ലാ സപ്ലൈ ഓഫീസറുടെ സ്ഥലം മാറ്റത്തിന് കൈക്കൂലി വാങ്ങി, പിറവം തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവു നടത്തി, ഭ്ക്ഷ്യ സബ്‌സിഡി അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്നില്ല എന്നീ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടനാണ് കോടതിയില്‍ ഇവര്‍ക്കെതിരെ ഹര്‍ജി നല്‍തിയത്. റേഷന്‍ വിതരണ രംഗത്തെ അഴിമതിയെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകളെത്തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.

ഏപ്രില്‍ 17നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല.