ധാര്‍മിക ചിന്തയുള്ള ഉത്തമപൗരന്മാരായി കുട്ടികളെ വളര്‍ത്തുക : ഹാഫിസ് അബ്ദുള്‍ ഗഫാര്‍ മൗലവി

single-img
10 January 2013

പോത്തന്‍കോട് : ജാതി മത ചിന്തകള്‍ക്കതീതമായി സ്‌നേഹത്തിന്റെ മൂല്യബോധം മനസ്സിലാക്കുന്ന ധാര്‍മ്മിക ചിന്തയുള്ള ഉത്തമപൗരന്മാരായി കുട്ടികളെ വളര്‍ത്തണമെന്ന് മണക്കാട് വലിയപള്ളി ഇമാം ഹാഫിസ് പി.എച്ച്. അബ്ദുള്‍ ഗഫാര്‍ മൗലവി. പരാജയങ്ങളില്‍ അടിപതറാതെ ആത്മവിശ്വാസത്തോടെ ദൈവചിന്തയില്‍ മനസ്സുറപ്പിച്ച് ജീവിത്തിനായി കുട്ടികള്‍ ശ്രമിക്കണമെന്നും അദേഹം പറഞ്ഞു. ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിന്റെ 34 മത് വാര്‍ഷിക ആഘോഷപരിപാടിയായ കലാഞ്ജലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍ തന്റെ നിത്യഹരിത ഗാനങ്ങള്‍ ആലപിച്ച് സദസ്സിന് ആവേശം പകര്‍ന്നു. മാതാപിതാക്കളുടേയും ഗുരുജനങ്ങളുടെയും വാക്കുകള്‍ സ്വജീവിതത്തില്‍ പകര്‍ത്തി തന്ന നന്മയെ അദേഹം അനുമസ്മരിച്ചു. സ്‌കൂള്‍ സംഗീതാധ്യാപകന്‍ രാജേഷ് ആമ്പാടിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ ആലപിച്ച സ്‌നേഹരാഗം എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനകര്‍മ്മവും അദേഹം നിര്‍വഹിച്ചു.
മാര്‍ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എബ്രഹാം ജോസഫ് വിദ്യാര്‍ഥികളുടെ സര്‍ഗ്ഗസൃഷ്ടിയായ സ്‌കൂള്‍ മാഗസിന്‍ ‘വിജ്ഞാനസ്തുതി’ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. മൂല്യബോധമുള്ള, സാഹോദര്യബോധം കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹമായി വളര്‍ന്നുവരാന്‍ അദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.
ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ ജനനി ഋഷിരത്‌ന ജ്ഞാന തപസ്വിനി, സ്വസ്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ് , കംപ്യൂനീഡ് ഐ.ടി സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഗോകുല്‍ ഗോവിന്ദ്, ആല്‍ബര്‍ട്ട് അലക്‌സ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.