നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം സര്‍വ്വീസസ് സെമിയില്‍

single-img
9 January 2013

servicesരഞ്ജി ട്രോഫിയില്‍ നാല്‍പ്പത്തിയഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സര്‍വ്വീസസ് സെമിഫൈനലില്‍ മാറ്റുരയ്ക്കും. ഇന്‍ഡോറില്‍ നടന്ന ക്വാര്‍ട്ടറില്‍ കരുത്തരായ ഉത്തര്‍പ്രദേശിനെ അഞ്ചു വിക്കറ്റിന് അട്ടിമറിച്ചാണ് ചരിത്രനേട്ടം കൈവരിച്ചത്. 1967-68 സീസണിലായിരുന്നു സര്‍വ്വീസസ് അവസാനമായി രഞ്ജി സെമി കളിച്ചത്.

ഈ വര്‍ഷം ആദ്യം സെമിയില്‍ കടന്ന ടീമെന്ന ബഹുമതിയും സര്‍വ്വീസസിനാണ്. 113 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് യു.പി. മുന്നോട്ട് വെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സര്‍വ്വീസസിന്റെ അഞ്ച് വിക്കറ്റുകള്‍ 54 റണ്‍സിനിടയില്‍ വീണതോടെ ടീം പ്രതിസന്ധിയിലായി. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൗനിക് ചാറ്റര്‍ജി കാല്‍മുട്ടിനേറ്റ പരുക്ക് വകവെയ്ക്കാതെ നേടിയ 34 റണ്‍സും രജത് പവാള്‍ നേടിയ 32 റണ്‍സുമാണ് സര്‍വ്വീസസിനെ വിജയത്തിലേയ്ക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.

സ്‌കോര്‍ : യു.പി 134,241 ; സര്‍വീസസ് : , 263, 116/5

രഞ്ജിയിലെ മറ്റു ക്വാര്‍ട്ടറുകളില്‍ സൗരാഷ്ട്ര കര്‍ണാടകയെയും മുംബൈ ബറോഡയെയും ജാര്‍ഖണ്ഡ് പഞ്ചാബിനെയും നേരിടുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയ സൗരാഷ്ട്രയും മുംബൈയും സെമി ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ജാര്‍ഖണ്ഡിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 401 ന് മറുപടിയായി പഞ്ചാബ് ബാറ്റ് ചെയ്യുകയാണ്.