ചെന്നൈയില്‍ ഒരു നാള്‍ ഫെബ്രുവരിയില്‍

single-img
8 January 2013

chennaiyil-oru-naalമലയാളത്തില്‍ ശ്രദ്ധേയ വിജയം നേടിയ ട്രാഫിക്കിന്റെ തമിഴ് റീമേക്ക് തിയേറ്ററുകളിലെത്തുന്നു. ചെന്നൈയില്‍ ഒരു നാള്‍ എന്നാണ് തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്. രാജേഷ് പിള്ളയായിരുന്നു ട്രാഫിക് സംവിധാനം ചെയ്തത്. ട്രാഫിക്കിന്റെ സഹസംവിധായകനായിരുന്ന ഷാഹിദ് ഖാദറാണ് ചെന്നൈയില്‍ ഒരു നാള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.
മലയാളത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച വേഷം തമിഴില്‍ ചേരനാണ് ചെയ്യുന്നത്. പ്രകാശ് രാജ്, നാസര്‍, പ്രസന്ന, രാധിക ശരത് കുമാര്‍, മല്ലിക, പാര്‍വതി മേനോന്‍, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോലീസ് കമ്മീഷണറുടെ വേഷത്തില്‍ ശരത് കുമാറെത്തും. പ്രകാശ് രാജാണ് റഹ്മാന്‍ ചെയ്ത സൂപ്പര്‍ സ്റ്റാറിനെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ,സായ്കുമാര്‍ എന്നിവരുടെ വേഷങ്ങളില്‍ പ്രസന്നയും ജയപ്രകാശും എത്തും. ലെനയുടെ വേഷം ചെയ്യുന്നത് രാധികാ ശരത്കുമാറാണ്.
ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയായിരുന്നു രാജേഷ് പിള്ള ട്രാഫിക് ഒരുക്കിയത്. സായ് കുമാര്‍, കുഞ്ചാക്കോ ബോബന്‍, ശ്രീനിവാസന്‍, റഹ്മാന്‍, അനൂപ് മേനോന്‍, വിനിത് ശ്രീനിവാസന്‍, ആസിഫ് അലി, സന്ധ്യ, റോമ, രമ്യനമ്പീശന്‍ തുടങ്ങിയവരായിരുന്നു ‘ട്രാഫിക്കി’ലെ പ്രധാന കഥാപാത്രങ്ങള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബോബിയും സഞ്ജയും ചേര്‍ന്നാണ്. പുതുമയുള്ള പ്രമേയവും അവതരണ മികവും കൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ട്രാഫിക്. ലിസ്റ്റിന്‍ സ്റ്റീഫനും രാധിക ശരത്കുമാറും ചേര്‍ന്നാണ് ചിത്രം തമിഴില്‍ നിര്‍മ്മിക്കുന്നത്.