കൊച്ചി മെട്രോ; ഡിഎംആര്‍സി തന്നെ

single-img
7 January 2013

Delhi-Metroകേരളത്തിന്റെ പ്രതീക്ഷയായ കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ സഹകരണത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥ്. എല്ലാ ടെന്‍ഡര്‍ നടപടികളും ഡിഎംആര്‍സി നിര്‍വഹിക്കും. ഇതിനു വേണ്ട സാങ്കേതിക സഹായവും ഡിഎംആര്‍സി നല്‍കും. ഇ. ശ്രീധരന്‍ കൊച്ചി മെട്രോയുടെയും ഡിഎംആര്‍സിയുടെയും മുഖ്യ ഉപദേഷ്ടാവായി തുടരുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് രാവിലെ കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒരു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കേന്ദ്ര സര്‍ക്കാരും കേരളവും ഒപ്പുവയ്ക്കും. ഇതുകഴിഞ്ഞാല്‍ പദ്ധതിയുടെ വേഗം വര്‍ധിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തിയാക്കും. കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഏറെ നാളുകളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിനു താത്കാലിക വിരാമമായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡിഎംആര്‍സി എംഡി മങ്കു സിംഗ്, ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.