ഇന്ത്യയ്ക്ക് ആശ്വാസ ജയം

single-img
7 January 2013

Cricket - India v Pakistan 3rd ODI Delhiഅവസാന ഏകദിനത്തില്‍ പാകിസ്ഥാനെ 10 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ നാണക്കേടിന്റെ ആഴം കുറച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ടു കളികളും ജയിച്ച പാകിസ്ഥാന്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഡല്ഹിയിലെ ഫിറോഷ് ഷാ കോട്‌ല മൈതാനത്ത് നടന്ന അവസാന മത്സരത്തില്‍ ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 168 എന്ന ദുര്‍ബല സ്‌കോറിന് മറുപടിയായി 157 റണ്‍സ് എടുക്കുമ്പോഴേക്കും പാക് ടീമിലെ എല്ലാവരും പുറത്തായി.

ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയെ മറ്റൊരു തോല്‍വിയിലേയ്ക്ക് സന്ദര്‍ശകര്‍ തള്ളിവിടുകയാണെന്ന തോന്നലാണ് കളിയുടെ ആദ്യ പകുതി നല്‍കിയത്. തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി പാക് ബൗളര്‍മാര്‍ മത്സരം വരുതിയിലാക്കി. ആറ് ഇന്ത്യന്‍ ഖലിക്കാര്‍ രണ്ടക്കം കടന്നില്ല. അഞ്ച് വിക്കറ്റ് നേടിയ സയിദ് അജ്മലിന്റെ നേതൃത്വത്തില്‍ പാക് ടീം ഇന്ത്യയെ വരിഞ്ഞുമുറുക്കിയതോടെ 43.4 ഓവറില്‍ 167 റണ്‍സ് എടുക്കാനേ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി (36)യാണ് ടോപ്പ് സ്‌കോറര്‍. ധോണിയെ കൂടാതെ സുരേഷ് റെയ്‌ന (31) മാത്രമാണ് മുപ്പത് കടന്നത്. 9.4 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റെടുത്ത സയിദ് അജ്മലാണ് പാക് ബൗളര്‍മാരില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

മികച്ച ഫോമില്‍ കളിയ്ക്കുന്ന പാക് ബാറ്റ്‌സ്മാന്‍മാര്‍ അനായാസം ലക്ഷ്യം മറികടക്കുമെന്ന് കരുതിയങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് മത്സരം തങ്ങളുടേതാക്കി. അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിച്ച ഫാസ്റ്റ് ബൗളര്‍ ഷമി അഹമ്മദ് , രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യ പാകിസ്ഥാനെ പിടിച്ചുകെട്ടി. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് (39), നാസിര്‍ ജംഷേദ് (34) എന്നിവര്‍ക്കൊഴികെ പാക് നിരയില്‍ ആര്‍ക്കും ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞില്ല. മികച്ച ഗ്രൗണ്ട് ഫീല്‍ഡിങ്ങ് കൂടിയായപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. മത്സരത്തിലുടനീളം മികച്ച നേതൃമികവ് പ്രകടിപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് മാന്‍ ഓഫ് ദി മാച്ച്. തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ച പാക് ഓപ്പണര്‍ നാസിര്‍ ജംഷേദാണ് പരമ്പരയിലെ താരം.