ആശാറാം ബാപ്പുവിന്റെ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്

single-img
7 January 2013

Asharam-Bapu-Imagesകൂട്ട മാനഭംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിക്കും കുറ്റകൃത്യത്തില്‍ തുല്യ ഉത്തരവാദിത്വമാണെന്ന വിവാദ പ്രസ്താവന ആത്മീയ നേതാവ് ആശാറാം ബാപ്പു പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതു നിര്‍ഭാഗ്യകരമാണ്. ഡല്‍ഹി സംഭവത്തിനു ശേഷം പലകോണുകളില്‍ നിന്നായി വിചിത്ര പ്രസ്താവനകളും പരാമര്‍ശങ്ങളുമുണ്ടായി. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ബാപ്പു തെറ്റു തിരുത്തണമെന്നും കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ ആവശ്യപ്പെട്ടു. ആക്രമിച്ചവരെ പെണ്‍കുട്ടി സഹോരന്മാരെന്നു സംബോധന ചെയ്ത് അവരെ പിന്തിരിപ്പിക്കണമായിരുന്നുവെന്ന ആശാറാമിന്റെ വാദമാണ് വിവാദമായത്. അനുയായികളെ അഭിസംബോധന ചെയ്യവേയാണ് ആശാറാമിന്റെ വിവാദമുയര്‍ത്തിയ പ്രസ്താവനയുണ്ടായത്. മദ്യപരായ ആറു പേര്‍ ആക്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഈശ്വരനാമം ചൊല്ലി അക്രമികളിലൊരാളുടെ കൈപിടിച്ച് ”എന്നെ നിങ്ങളുടെ സഹോദരിയായി കാണണം” എന്നും മറ്റു രണ്ടുപേരോട്, ”സഹോദരാ, ഞാന്‍ നിസഹായയാണ്. നിങ്ങള്‍ എന്റെ സഹോദരനാണ്, എന്റെ ആത്മീയ സഹോദരന്‍” എന്നു പറയണം എന്നായിരുന്നു ആശാറാമിന്റെ വാദം. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ പെണ്‍കുട്ടിക്കു നേരേ അതിക്രമം ഉണ്ടാകുമായിരുന്നില്ലത്രേ. ആശാറാമിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.