മഅദനിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു

single-img
5 January 2013

Abdul_Nasar_Madaniകര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുന്ന വിചാരണക്കോടതിയുടേതാണ് ഉത്തരവ്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കോടതി മഅദനിക്ക് അനുകൂലമായി ഉത്തരവിട്ടത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നടക്കം കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായാണ് മഅദനിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കാവൂവെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമാക്കാത്തതിനാല്‍ തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടിയാണ് മഅദനി കോടതിയെ സമീപിച്ചിരുന്നത്. ചികിത്സാ സമയത്ത് രണ്ട് ബന്ധുക്കളെ കൂടെ നിര്‍ത്താന്‍ അനുവദിക്കണമെന്നും മഅദനി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ച കോടതി ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താനും അനുമതി നല്‍കി.