തോല്‍വി തന്നെ

single-img
4 January 2013

77F91DF03D81A08EB8DCCDA30651C_h498_w598_m2പാകിസ്ഥാനെതിരായ ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടു. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനം 85 റണ്‍സിന് അടിയറവെച്ചാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ നാസിര്‍ ജംഷേദിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ പാക്കിസ്ഥാനുയര്‍ത്തിയ 250 റണ്‍സ് നേടാനാകാതെ 48 ഓവറില്‍ 165 ന് ഇന്ത്യ ഓള്‍ഔട്ട് ആകുകയായിരുന്നു.

നാസിര്‍ ജംഷേദിന്റെയും മുഹമ്മദ് ഹഫീസിന്റെയും മികച്ച പ്രകടനത്തില്‍ കൂറ്റന്‍ സ്‌കോറിലേയ്ക്ക് കുതിക്കുകയായിരുന്ന പാക്കിസ്ഥാനെ ബൗളിങ്ങ് മികവില്‍ 250 റണ്‍സിലൊതുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാല്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരം കളഞ്ഞുകുളിക്കുകയായിരുന്നു. ഒന്നിനു പുറകേ ഒന്നായി പവലിയനിലേയ്ക്ക് മടങ്ങിയ അവര്‍ ഇതിലും ദയനീയമായ തോല്‍വി അര്‍ഹിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി നടത്തിയ ചെറുത്തു നില്‍പ്പാണ് തോല്‍വിയുടെ ആഘാതം നൂറ് റണ്‍സിന് താഴെയാക്കിയത്. ധോണി 54 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യയുടെ തോല്‍വിയോടെ ഡല്‍ഹിയില്‍ നടക്കുന്ന മൂന്നാം ഏകദിനം പ്രസക്തമല്ലാതായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായി ടെസ്റ്റ് പരമ്പര തോല്‍വിയും പാക്കിസ്ഥാനെതിരെ ട്വന്റി-ട്വന്റി പരമ്പര സമനിലയില്‍ പിരിഞ്ഞതിനും ശേഷം ഏകദിനത്തിലെ തോല്‍വിയും കൂടിയായപ്പോള്‍ ടീമിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്.