എസ്. രാമകൃഷ്ണന്‍ വിഎസ്എസ്‌സി ഡയറക്ടറായി ചുമതലയേറ്റു

single-img
3 January 2013

S Ramakrishnanറോക്കറ്റ് വിക്ഷേപണ രംഗത്ത് നാല്‍പ്പതു വര്‍ഷത്തെ അനുഭവ സമ്പത്തുമായി എസ്. രാമകൃഷ്ണന്‍ തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായി ചുമതലയേറ്റു. പി. എസ്. വീരരാഘവന്റെ പിന്‍ഗാമിയായാണ് അദേഹം വിഎസ്എസ്‌സിയുടെ തലപ്പത്തെത്തുന്നത്.

നിലവില്‍ ലിക്വിഡ് പ്രൊപ്പള്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു എസ്. രാമകൃഷ്ണന്‍. വിക്ഷേപണ വാഹനങ്ങളുടെ ടെക്‌നോളജിയില്‍ നിസ്തുലമായ സംഭാവനകളാണ് അദേഹം നല്‍കിയിട്ടുള്ളത്.
ചെന്നൈ ഐഐടിയില്‍ നിന്ന് എംടെക് ബിരുദം നേടിയതിന് ശേഷം 1972 ലാണ് അദേഹം വിഎസ്എസ്‌സിയില്‍ ചേര്‍ന്നത്. ആദ്യ വിക്ഷേപണ വാഹനമായ എസ്എല്‍വി-3 ആയിരുന്നു അദേഹം പ്രവര്‍ത്തിച്ച പ്രഥമ പ്രോജക്ട്. റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ മേല്‍നോട്ടമായിരുന്നു അദേഹത്തിന്റെ ചുമതല. പ്രമുഖ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി, ലിക്വിഡ് പ്രൊപ്പള്‍ഷന്‍ സാങ്കേതിക വിദ്യ തുടങ്ങിയവ വികസിപ്പിക്കുന്നതിലും എസ്. രാമകൃഷ്ണന്‍ പ്രധാന പങ്കു വഹിച്ചു.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് രംഗത്ത് അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി 2003 ല്‍ പദ്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു.