കൂട്ടമാനഭംഗക്കേസിലെ പെണ്‍കുട്ടിയുടെ പേരില്‍ മലയാളിയുടെ ചിത്രം ; സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചു

single-img
3 January 2013

540969_504371956280785_2099640596_nഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ മലയാളി പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചത് സൈബര്‍ സെല്‍ അന്വേഷിക്കും. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഇത് സംബന്ധിച്ച് സൈബര്‍ സെല്ലിന് പരാതി നല്‍കി. വ്യാജ ചിത്രത്തിലുള്ള പെണ്‍കുട്ടി എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിനിയാണ്. ഫെയ്‌സ്ബുക്കില്‍ ചിത്രം കണ്ട് കുടുംബ സുഹൃത്ത് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ സൈബര്‍ സെല്ലിനെ സമീപിച്ചത്.

ഡല്‍ഹിയില്‍ നിന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം എഴുപതിനായിരത്തിലധികം ആളുകള്‍ ചിത്രം കണ്ടു കഴിഞ്ഞു. ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

മലയാളി പെണ്‍കുട്ടിയുടേത് കൂടാതെ വിദേശ യുവതിയുടേതെന്ന് തോന്നിക്കുന്ന ഒരു ആശുപത്രി കിടക്കയിലെ ചിത്രവും മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രവും ഡല്‍ഹി സംഭവത്തിലെ പെണ്‍കുട്ടി ആണെന്ന പേരില്‍ പ്രചരിച്ചിരുന്നു. പെണ്‍കുട്ടി മരിച്ച ദിവസം മുതലാണ് ഈ ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രങ്ങള്‍ വ്യാജമാണെന്ന സന്ദേശവും ഇതിന് പുറകെ എത്തുകയായിരുന്നു.