ഡല്‍ഹി കൂട്ടമാനഭംഗം ; പ്രായപൂര്‍ത്തി ആയില്ലെന്ന് വാദിക്കുന്ന പ്രതിയെ ആദ്യം തൂക്കിലേറ്റണം

single-img
3 January 2013

_65036893_65036137തന്റെ മകളെ മാനഭംഗപ്പെടുത്തിയവരില്‍ പ്രായപൂര്‍ത്തി ആയില്ലെന്ന് വാദിക്കുന്ന പ്രതിയെയാണ് ആദ്യം തൂക്കിലേറ്റേണ്ടതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. പെണ്‍കുട്ടിയെയും സുഹൃത്തിനെയും ബസ്സില്‍ വിളിച്ച് കയറ്റുകയും ഏറ്റവും ക്രൂരമായി പെണ്‍കുട്ടിയോട് പെരുമാറുകയും ചെയ്തത് അയാളാണെന്ന് അദേഹം പറഞ്ഞു.

പ്രായത്തിന്റെ പേരില്‍ അയാള്‍ ഒരിക്കലും രക്ഷപ്പെടാന്‍ പാടില്ല. പതിനേഴ് വയസ്സുള്ളപ്പോള്‍ തന്നെ ഇത്രയും ക്രൂരനായ ആള്‍ മുതിരുമ്പോള്‍ എന്താകുമെന്ന് ഊഹിക്കാവുന്നതാണ്. ജുവനൈല്‍ വിഭാഗത്തില്‍ വരുന്നവരുടെ പ്രായപരിധി പന്ത്രണ്ടോ പതിനഞ്ചോ വയസ്സാക്കി കുറയ്ക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

ആറു പ്രതികളെയും ഒരു കാരണ വശാലും ജയിലിനു പുറത്ത് വിടരുതെന്നും അവരെ തൂക്കിലേറ്റണമെന്നും പറഞ്ഞ അദേഹം സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഏറ്റവും അപകടകാരികളാണ് അവരെന്നും കൂട്ടിച്ചേര്‍ത്തു.

തനിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് അവകാശപ്പെട്ട് ഒരു പ്രതി സ്‌കൂള്‍ രേഖ ഹാജരാക്കിയതിനെ തുടര്‍ന്ന് അയാളെ ജുവനൈല്‍ കസ്റ്റഡിയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അയാളുടെ പ്രായം നിര്‍ണ്ണയിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തുമെന്നു പോലീസ് അറിയിച്ചു. പരിശോധനയില്‍ വാദം ശരിയാണെന്ന് വന്നാല്‍ വെറും മൂന്നു വര്‍ഷത്തെ ശിക്ഷ മാത്രമേ അയാള്‍ക്ക് ലഭിക്കുകയുള്ളു. കൂടാതെ ജാമ്യം ലഭിക്കുകയും ചെയ്യും.