മോഡിക്ക് തിരിച്ചടി; ലോകായുക്താ നിയമനം സുപ്രീംകോടതി ശരിവച്ചു

single-img
2 January 2013

SupremeCourtഗുജറാത്ത് സര്‍ക്കാരിനും മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഗുജറാത്ത് ലോകായുക്താ നിയമനം സുപ്രീംകോടതി ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശയില്ലാതെ റിട്ട. ജസ്റ്റീസ് ആര്‍.എ. മേത്തയെ ലോകായുക്തയായി നിയമിച്ച ഗവര്‍ണര്‍ കമല ബെനിവാളിന്റെ നടപടിയാണു പരമോന്നത കോടതി ഇന്നലെ ശരിവച്ചത്.

ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി കൂടിയാലോചിച്ചാണു ലോകായുക്തയെ തീരുമാനിച്ചതെന്ന ഗവര്‍ണറുടെ വാദം കോടതി അംഗീകരിച്ചു. തങ്ങളോടാലോചിക്കാതെ ഗവര്‍ണര്‍ ലോകായുക്തയെ നിയമിച്ചതു നിയമവിരുദ്ധമാണെന്ന സര്‍ക്കാര്‍വാദം ജസ്റ്റീസുമാരായ ബി.എസ്. ചൗഹാന്‍, എഫ്.എം. ഇബ്രാഹിം കലിഫുള്ള എന്നിവരുടെ ബെഞ്ച് തള്ളി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥയാണ്. എന്നാല്‍, ഈ കേസില്‍ ഗവര്‍ണര്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി ആലോചിച്ചിരുന്നു.

ഹൈക്കോടതി മുന്‍ ജഡ്ജിയായ ജസ്റ്റീസ് മേത്തയ്ക്കു ഗുജറാത്ത് ലോകായുക്തയായി പ്രവര്‍ത്തനം തുടരാമെന്നു സുപ്രീംകോടതി വ്യക്തമാക്കി. എട്ടു വര്‍ഷമായി ഒഴിഞ്ഞുകിടന്ന ലോകായുക്തയെ 2011 ഓഗസ്റ്റ് 25-നാണു ഗവര്‍ണര്‍ നിയമിച്ചത്. ഇതിനെതിരേ ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലോകായുക്താ നിയമനം ശരിവച്ചു ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ജനുവരി 18-നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന്, ലോകായുക്താ നിയമനം ഉടന്‍ നടപ്പാക്കുമെന്നു ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.