മുപ്പതിന്റെ നിറവില്‍ ഇന്റര്‍നെറ്റ്

single-img
2 January 2013

48405289 (1)ഇന്റര്‍നെറ്റില്ലാതൊരു ലോകം ഇന്ന് നമ്മുടെ വിദൂര ചിന്തകളില്‍പ്പോലുമില്ല. ഇ-മെയിലും ഗൂഗിളും ഫെയ്‌സ്ബുക്കും സെര്‍ച്ചിങ്ങും ഒന്നുമില്ലാതെ ഇന്നത്തെ അവസ്ഥയിലേയ്ക്ക് ലോകം ഒരിക്കലും എത്തില്ലായിരുന്നു. വിവരങ്ങള്‍ മേല്‍ക്കൂരയൊരുക്കിയ ഒരൊറ്റ വീടായി ഈ ലോകത്തെ മാറ്റിയ ഇന്റര്‍നെറ്റ് കഴിഞ്ഞ ദിവസം മുപ്പതാം പിറന്നാള്‍ ആഘോഷിച്ചു.

കൃത്യം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1983 ജനുവരി ഒന്നിനാണ് ഇന്റര്‍നെറ്റിന്റെ ആദ്യരൂപമായ അര്‍പ്പാനെറ്റ്, ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ സ്യൂട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ന് കാണുന്ന രൂപത്തിലേയ്ക്കുള്ള പൂര്‍ണ്ണമായ മാറ്റമായിരുന്നു അത്. അമേരിക്കന്‍ മിലിട്ടറി ഡിപ്പാര്‍ട്ട്‌മെന്റാണ് ആദ്യമായി കംപ്യൂട്ടറുകളെ ബന്ധിപ്പിച്ച് സാങ്കേതിക വിപ്ലവത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് വേള്‍ഡ് വൈഡ് വെബ്ബിലൂടെ പടര്‍ന്ന് പന്തലിച്ച ഇന്റര്‍നെറ്റ് ലോക സമൂഹത്തിന് ഒഴിച്ചു കൂടാനാകാത്ത ഉപാധിയായി മാറി.

ലോകത്തിന് മുന്നില്‍ വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളാണ് ഈ മുപ്പത് വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് തുറന്നിട്ടത്. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക – സാംസ്‌കാരിക രംഗങ്ങളില്‍ ആഴത്തില്‍ വേരോടിയ ഈ കണ്ടുപിടുത്തം തന്നെയാണ് വരും നാളുകളിലും ലോകത്തിന്റെ ദിശ നിര്‍ണ്ണയിക്കുക.