എന്‍ഡോസള്‍ഫാന്‍; ദുരിതബാധിതര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സഹായധനം അനുവദിച്ചു

single-img
2 January 2013

endoഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 4,182 പേരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന 1,512 പേര്‍ക്കു കൂടി ധനസഹായം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങി. മരിച്ചവരുടെ 400 ബന്ധുക്കള്‍ക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്. ആകെ 1,912 പേര്‍ക്കാണു സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമുള്ള തുകയുടെ ആദ്യ ഗഡുവാണു ഇപ്പോള്‍ അനുവദിച്ചത്. രോഗം ബാധിച്ചു പൂര്‍ണമായും കിടപ്പിലായവരുടെ പട്ടികയില്‍പ്പെട്ട 84 പേര്‍ക്കു 1.5 ലക്ഷം രൂപ വീതം അനുവദിച്ചു. ഈ പട്ടികയില്‍ ഉള്‍പ്പെട്ട 101 പേര്‍ക്കു നേരത്തെ ഇതേ തുക നല്‍കിയിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ പട്ടികയിലുള്ള 796 പേര്‍ക്കു ഒന്നര ലക്ഷം രൂപ വീതം ആദ്യ ഗഡുവായി ലഭിക്കും. ശാരീരിക വൈകല്യമുള്ള 632 പേര്‍ക്കു ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. മരിച്ചവരുടെ ബന്ധുക്കളില്‍ അനന്തരാവകാശികളുടെ വിവരങ്ങള്‍ ലഭ്യമായ 400 പേര്‍ക്കു 1.5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇതു രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യും. നഷ്ടപരിഹാരം അനുവദിച്ച 12 പേര്‍ക്കു പല കാരണങ്ങളാല്‍ സഹായധനം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

പൂര്‍ണമായും കിടപ്പിലായ രോഗികള്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും ശാരീരിക വൈകല്യമുള്ളവര്‍ക്കു മൂന്നു ലക്ഷം രൂപ വീതവും നല്‍കാനാണു മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. തുക മൂന്നു ഗഡുക്കളായിട്ടാകും വിതരണം ചെയ്യുക.