ഡല്‍ഹി കൂട്ട മാനഭംഗം ; പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍

single-img
2 January 2013

332020-new-delhi-gang-rape-peaceful-protestsഡല്‍ഹി കൂട്ട മാനഭംഗക്കേസില്‍ പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍. കേസില്‍ വാദം കേള്‍ക്കുന്ന സാകേത് ജില്ലാ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2500 അഭിഭാഷകരാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഡല്‍ഹി കേസില്‍ പ്രതികള്‍ക്കായി ഹാജരാകുന്നത് നീതി കേടാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭിക്കുന്നതിനായാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്ന് അഭിഭാഷകര്‍ പറഞ്ഞു.

അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കെതിരെ വ്യാഴാഴ്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകം, മാനഭംഗം, തട്ടിക്കൊണ്ട് പോകല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചാര്‍ത്തിയിട്ടുള്ളത്. ആറാമത്തെ പ്രതി പ്രായ പൂര്‍ത്തി ആയിട്ടില്ലെന്ന് വാദിച്ചതിനാല്‍ അയാളെ പ്രായനിര്‍ണ്ണയ പരിശോധനയ്ക്ക് വിധേയനാക്കും.

വധശിക്ഷയ്ക്ക് വേണ്ടിയാകും പ്രോസിക്യൂഷന്‍ വാദിക്കുക. പ്രതികള്‍ക്കായി അഭിഭാഷകര്‍ ഹാജരാകാതെ വന്നാല്‍ സര്‍ക്കാരിന് വക്കീലിനെ ഏര്‍പ്പെടുത്തേണ്ടി വരും.

ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പെണ്‍കു്ട്ടി മാനഭംഗത്തിനിരയായത്. തുടര്‍ന്ന് രാജ്യമെങ്ങും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം പടരുകയാണ്. പതിമൂന്ന് ദിവസം മരണത്തോട് മല്ലടിച്ച പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചതോടെ പ്രക്ഷോഭം ശക്തമാകുകയായിരുന്നു.