ഭൂപരിഷ്‌കരണ നിയമത്തിനെതിരായ നീക്കങ്ങളെ ചെറുക്കുമെന്ന് പിണറായി

single-img
1 January 2013

Pinarayi vijayan-5സംസ്ഥാനത്ത് തുടര്‍ന്നുവരുന്ന ഭൂപരിഷ്‌കരണ നിയമത്തിനെതിരായ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വടക്കേക്കളം എസ്റ്റേറ്റില്‍ സിപിഎം ഭൂസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തോട്ടമുടമകളും റിസോര്‍ട്ട് ഉടമകളും അടക്കമുള്ള ഭൂമാഫിയയുടെ കൈപ്പിടിയിലാണ്. ഇവ ഏറ്റെടുത്തു ഭൂരഹിതരായവര്‍ക്കു വിതരണംചെയ്യണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. ഭൂപരിഷ്‌കരണ നിയമമനുസരിച്ച് 15 ഏക്കര്‍വരെ ഭൂമി കൈവശം വയ്ക്കാം. എന്നാല്‍ തോട്ടങ്ങള്‍ക്കു കൈവശംവയ്ക്കാവുന്ന ഭൂമിക്കു പരിധിയില്ല. ഏതാനും കശുമാവുതൈകള്‍ നട്ടുപിടിപ്പിച്ചാല്‍ ഏക്കര്‍കണക്കിനു ഭൂമി തോട്ടമായി മാറും. ഈ തട്ടിപ്പിലൂടെ മിച്ചഭൂമിയല്ലാതാക്കി ഭൂമാഫിയയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. നെല്‍വയല്‍ ഒരു തുണ്ടുപോലും നഷ്ടപ്പെട്ടുകൂടാ. വയലുകള്‍ ഇല്ലാതായാല്‍ നെല്ലു മാത്രമല്ല, കുടിവെള്ളവും ഇല്ലാതാകും. 2005 ല്‍ നികത്തിയ വയലിന് അംഗീകാരം നല്‍കാമെന്ന നിലപാടിനെ അംഗീകരിക്കില്ല. 2005 ല്‍ നികത്തിയതാണെന്ന വ്യാജേന 2012 ല്‍ നികത്തിയ ഭൂമിയുമായി മാഫിയ രംഗത്തുവരും. വര്‍ഷങ്ങളോളം തരിശിട്ട് നെല്‍പ്പാടങ്ങള്‍ നികത്തലാണു ഭൂമാഫിയയുടെ തന്ത്രം. ഇത്തരം ഭൂമിയും മിച്ചഭൂമിയാക്കി സര്‍ക്കാര്‍ ഏറ്റെടുത്തു പാവപ്പെട്ട ഭരഹിതര്‍ക്കു വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.