സംസ്ഥാനത്ത് ഭൂസമരത്തിന് തുടക്കം

single-img
1 January 2013

2193523തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭൂസമരത്തിന് തുടക്കമായി. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യുക, ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, തോട്ടഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം പദ്ധതിയ്ക്ക് നല്‍കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പതിനാലു ജില്ലകളിലും കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമികളില്‍ പ്രവര്‍ത്തകര്‍ പ്രവേശിച്ച് കൊടി നാട്ടി. ഇതിനായി ഒരു ലക്ഷം വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്തിരുന്നു. ചിലയിടങ്ങളില്‍ പോലീസ് സമരക്കാരെ തടഞ്ഞു.

തലസ്ഥാന ജില്ലയില്‍ മടവൂര്‍ തുമ്പോട് ഏകദേശം നാലേക്കര്‍ വരുന്ന മിച്ച ഭൂമിയിലാണ് സമരം നടക്കുന്നത്. ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എറണാകുളത്തും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തൃശ്ശൂരും സമരം ഉദ്ഘാടനം ചെയ്തു.

അതേസമയം, ഭൂസമരത്തിനെതിരായി എറണാകുളം കടമക്കുടി മെഡി സിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കുന്നതിലേയ്ക്ക് മാറ്റി. കടമക്കുടിയില്‍ 125 ഏക്കര്‍ മിച്ചഭൂമിയിലാണ് സമരം നടക്കുന്നത്.