കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് അഞ്ച് സുഹൃത്തുക്കള്‍ മരിച്ചു

single-img
1 January 2013

Accidentകല്ലമ്പലം : പുതുവത്സരാഘോഷങ്ങള്‍ക്കായി പാപനാശം തീരത്തേയ്ക്ക് പുറപ്പെട്ട അഞ്ച് സുഹൃത്തുക്കള്‍ റോഡപകടത്തില്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അയിലം സ്വദേശികളായ സാജു(30), ബിജു(40), ബിജോയ് (30), കുട്ടപ്പന്‍ (37), ലൈജു(30) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശ്യാം ദേവിനെയാണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 10.30 ന് കല്ലമ്പലം തോട്ടയ്ക്കാട് പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ഐ ടെന്‍ കാറും എതിരെ വന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്ന ലോറി അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാലു പേര്‍ തത്ക്ഷണം മരിച്ചു.  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ശേഷമാണ് ലൈജു മരിച്ചത്. ഇടിയുടെ ആഘാതത്തില്‍  പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കടയ്ക്കാവൂര്‍ , ആറ്റിങ്ങല്‍, കല്ലമ്പലം സ്റ്റേഷനുകളിലെ പോലീസും ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബിഎസ്എഫ് ജവാനായ ലൈജു അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു. സാജു കോടതി ഉദ്യോഗസ്ഥനും കുട്ടപ്പന്‍ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനുമാണ്. ബിജോയ് ഗള്‍ഫില്‍ നിന്ന് മടങ്ങി വന്നതാണ്. പരിക്കേറ്റ ശ്യാംദേവ് 108 ആംബുലന്‍സ് ടെക്‌നീഷ്യനാണ്.