ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാകില്ലെങ്കില്‍ ഇറങ്ങിപ്പോകണം : വി. എസ് • ഇ വാർത്ത | evartha
Latest News

ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാകില്ലെങ്കില്‍ ഇറങ്ങിപ്പോകണം : വി. എസ്

V-S-Achuthanandan_0തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രാപ്തിയില്ലാത്ത സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പട്ടിണിപ്പാവങ്ങളെ തഴഞ്ഞ് കുത്തകകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെയും ടാറ്റയുടെയും കൈവശമിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടോയെന്നും വി.എസ്. ചോദിച്ചു.

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന തിരക്കില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് സമയമില്ലെന്നും അദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
രാവിലെ ഒന്‍പതിന് തുടങ്ങിയ ഉപവാസ സമരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ബിനോയ് വിശ്വം, സി. ദിവാകരന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.