ഈ പുതുവര്‍ഷത്തില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കട്ടെ…..

single-img
31 December 2012

new year 2013

പ്രത്യാശയുടെ ഒരു യുഗപ്പിറവിയ്‌ക്ക്‌ കൂടി ലോകം സാക്ഷ്യം വഹിക്കുകയാണ്‌. കഴിഞ്ഞു പോയ വര്‍ഷത്തിന്റെ പോരായ്‌മകളില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ നല്ലൊരു നാളെയ്‌ക്കായുള്ള പുതുപ്രതീക്ഷകളുമായി 2013നെ വരവേല്‍ക്കുമ്പോള്‍ മുന്‍ വര്‍ഷത്തില്‍ സംഭവിച്ച മറക്കാന്‍ പാടില്ലാത്ത ചില ഓര്‍മ്മകളെയും നാം കൂടെ കരുതേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ തലങ്ങും വിലങ്ങും പായുന്ന `ഹാപ്പി ന്യൂ ഇയര്‍` ആശംസകള്‍ അന്വര്‍ഥമാക്കി കൊണ്ട്‌ ഈ വര്‍ഷമെങ്കിലും ഹാപ്പിയാകുകയുള്ളു.

ലോകാവസാനത്തിന്റെ വര്‍ഷമെന്ന ലേബലിലാണ്‌ 2012നെ നാം വരവേറ്റത്‌. മായന്‍ കലണ്ടറിന്റെ കുരുക്കുകള്‍ക്ക്‌ പുറകേ പാഞ്ഞ ചില ഭ്രാന്തുകള്‍ മാത്രമാണതെന്ന ആശ്വാസത്തില്‍ വര്‍ഷാവസാനത്തെ സമീപിച്ചപ്പോഴാണ്‌ ഇന്ത്യന്‍ ജനതയുടെ ആത്മാവിനെത്തന്നെ പ്രഹരമേല്‍പ്പിച്ചു  കൊണ്ട്‌ ഡിസംബര്‍ പകുതിയില്‍ രാജ്യ തലസ്ഥാനം പ്രതിക്കൂട്ടിലായത്‌. ലോകത്തിന്‌ മുന്നില്‍ സംസ്‌കാരത്തിന്റെ കാവലാളെന്ന്‌ അഹങ്കരിച്ച ഭാരതത്തിന്റെ തലസ്ഥാനത്ത്‌ ഒരു സാധു യുവതി ആറു നരാധമന്‍മാരുടെ കാമഭ്രാന്ത്രിനിരയായി. ഇന്ത്യയില്‍ മാനഭംഗം ആദ്യത്തേതോ അപൂര്‍വ്വമോ അല്ല. ദിനവും നൂറുകണക്കിന്‌ പെണ്‍കുട്ടികള്‍ അക്രമത്തിനിരയാകുന്നു. അപ്പോഴൊക്കെയും തെറ്റിയും തെറിച്ചും ഉണ്ടായ പ്രതിഷേധങ്ങളല്ലാതെ ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ പിടിപ്പുകേടെന്ന രീതിയില്‍ പ്രതിഷേധമിരമ്പിയിരുന്നില്ല. എന്നാല്‍ ഇത്തവണ ഡല്‍ഹിയില്‍ പേരറിയാത്തൊരു പെണ്‍കുട്ടിയ്‌ക്കുണ്ടായ ദുരനുഭവം രാജ്യത്തിന്റെ മുഴുവന്‍ ദുഖമായി മാറുന്ന കാഴ്‌ചയാണ്‌ നാം കണ്ടത്‌. ജീവിതത്തിലേയ്‌ക്ക്‌ തിരികെയെത്താനും തന്നെ ദ്രോഹിച്ചവര്‍ക്ക്‌ ശിക്ഷ നല്‍കാനും ആശുപത്രിക്കിടക്കയിലും ധീരമായി പോരാടിയ അവള്‍ മരണത്തിന്‌ കീഴടങ്ങിയെങ്കിലും അവള്‍ കൊളുത്തിയ ജ്വാല പുതു വര്‍ഷത്തിലും അണയാതെ കത്തുകയാണ്‌.. കുറ്റക്കാര്‍ക്ക്‌ അര്‍ഹമായ ശിക്ഷ നല്‍കാനുള്ള ആര്‍ജവം നമ്മുടെ ഭരണാധികാരികള്‍ക്കുണ്ടാകാന്‍ ഡല്‍ഹി കാരണമാകുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കുന്നു. 2013 ല്‍ ഭാരതം പ്രതീക്ഷിക്കുന്നത്‌ അത്തരം വാര്‍ത്തകള്‍ക്കൊരവസാനമാണ്‌. എത്ര കഠിനമായ ശിക്ഷ വന്നാലും നാം ഉള്‍പ്പെട്ട സമൂഹം മുന്നിട്ടിറങ്ങിയാല്‍ മാത്രമേ അത്‌ സാധ്യമാകുകയുള്ളു. കാരണം അക്രമം പ്രവര്‍ത്തിക്കുന്നത്‌ നമുക്കിടയിലുള്ളവര്‍ തന്നെയാണ്‌.. ആത്മ പരിശോധന നടത്തി , സ്വയം തിരുത്തി മുന്നോട്ട്‌ പോകാനുള്ള തീരൂമാനം ഈ പുതുവര്‍ഷ വേളയിലെടുക്കാം. ഇനി ഒരു പെണ്‍കുട്ടിയും കരയരുതെന്ന ഉറച്ച നിലപാടും അതിനുള്ള പ്രയത്‌നവുമാകട്ടെ 2013ല്‍ നമ്മുടെ ലക്ഷ്യം. എല്ലാ വായനക്കാര്‍ക്കും ഇ വാര്‍ത്തയുടെ പുതുവല്‍സരാശംസകള്‍…