അവള്‍ ഇനി ജ്വലിക്കുന്നൊരോര്‍മ്മ

single-img
30 December 2012

delhi-gang-rape-victim-cremated-amid-tight-security-protests-continue_14ഡല്‍ഹി: രാജ്യത്തിന്റെ തേങ്ങലായി മാറിയ പ്രിയമകള്‍ക്ക് ജന്മനാട് വിട നല്‍കി. ശനിയാഴ്ച പുലര്‍ച്ചെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ ദ്വാരകയില്‍ സംസ്‌കരിച്ചു്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ചടങ്ങുകള്‍ക്ക് മുന്നോടിയായി ഒരുക്കിയിരുന്നത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത്.
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച രാവിലെ 3.30 നാണ് മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ ദ്വാരകയിലെ വീട്ടിലെത്തിച്ച് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. അയല്‍വീട്ടുകാരെ പോലും ചടങ്ങില്‍ പങ്കെടുക്കാന്‍ പോലീസ് അനുവദിച്ചില്ല. ശ്മശാനത്തില്‍ രാവിലെ 5.45 ന് എത്തിച്ച മൃതദേഹം എത്രയും പെട്ടെന്ന് സംസ്‌കരിക്കാന്‍ പോലീസ് തിടുക്കം കാട്ടിയെങ്കിലും മതാചാരപ്രകാരം സൂര്യനുദിച്ചതിന് ശേഷം മാത്രമേ ചടങ്ങ് നടത്തുകയുള്ളു എന്ന് ബന്ധുക്കള്‍ ശഠിച്ചു. രാവിലെ 7.30ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ചിതയ്ക്ക് തീകൊളുത്തി. ശനിയായ്ച രാത്രിയില്‍ തുടങ്ങിയ പോലീസ് കാവല്‍ ഇന്നലെ വൈകുന്നേരം വരെയും തുടര്‍ന്നു.