National

കോമണ്‍വെല്‍ത്ത് അഴിമതി: കല്‍മാഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തി

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ ഗെയിംസിന്റെ സംഘാടകസമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡി, ഒളിംപിക്‌സ് കമ്മിറ്റി മുന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് എന്നിവരുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കുറ്റം ചുമത്താന്‍ പ്രത്യേക സിബി.ഐ കോടതി അനുമതി നല്‍കി. ഗൂഢാലോചന,​ അഴിമതി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഗെയിംസിനു വേണ്ടി സ്വിസ് ടൈമിംഗ് കമ്പനി ഒമേഗയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ രാജ്യത്തിന് 90 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

കല്‍മാഡിയെ കൂടാതെ സംഘാടക സമിതി മുന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട്, വികെ വര്‍മ്മ, സുര്‍ജിത് ലാല്‍, കായിക മന്ത്രാലയം മുന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ എഎസ്‌വി പ്രസാദ്, മുന്‍ ട്രഷറര്‍ എം ജയചന്ദ്രന്‍, ഫരീദാബാദ് ആസ്ഥാനമായ ജെം ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൊമോട്ടര്‍മാരായ പിഡി ആര്യ, എകെ മദന്‍, എകെആര്‍ കണ്‍സ്ട്രഷന്‍ കമ്പനി ഉടമ എ.കെ റെഡ്ഡി, സ്വിസ് ടൈമിംഗ് കമ്പനി ഒമേഗ എന്നിവരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
m