Kerala

ബാലികയെ പീഡിപ്പിച്ച മദ്രസ അധ്യാപകനു 22 വര്‍ഷം കഠിനതടവ്

മദ്രസ വിദ്യാര്‍ഥിനിയായ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 22 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും കോടതി വിധിച്ചു. പിഴസംഖ്യ പീഡനത്തിരയായ കുട്ടിക്ക് നല്‍കണമെന്നും പിഴയടച്ചില്ലെങ്കില്‍ പ്രതി ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ ഭാസ്‌കരന്‍ ഉത്തരവിട്ടു.

ബലാത്സംഗം, പ്രകൃതി വിരുദ്ധ ലൈംഗികബന്ധം, ഭീഷണി എന്നീ കേസുകളിലാണ് ശിക്ഷ. ബലാത്സംഗ കേസില്‍ 10 വര്‍ഷവും 25,000 രൂപ പിഴയും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കേസില്‍ 10 വര്‍ഷവും ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ടുവര്‍ഷവുമാണ് ശിക്ഷ. മൂന്ന് ശിക്ഷയും ഒരുമിച്ചനുഭവിച്ചാല്‍ മതി.