World

മാലി വിമാനത്താവളം: 80 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജിഎംആര്‍

300px-Male-totalമാലദ്വീപിലെ വിമാനത്താവള നിര്‍മാണ കരാറില്‍നിന്നു പുറത്താക്കപ്പെട്ട ഇന്ത്യന്‍ കമ്പനി ജിഎംആര്‍ 80 കോടി യുഎസ് ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മാലദ്വീപ് സര്‍ക്കാരിനു കത്തയച്ചു. എന്നാല്‍ നിയമവിധേയമായ കണക്കെടുപ്പില്‍ തുക ഇതിന്റെ പകുതിയില്‍താഴെ മാത്രമേ വരികയുള്ളുവെന്നു മാലി സര്‍ക്കാര്‍ വിശദീകരിച്ചു.

80 കോടി ഡോളര്‍ എന്നതു പദ്ധതിയുടെ ആദ്യത്തെ മതിപ്പുവിലയാണെന്നും പദ്ധതി പൂര്‍ത്തീകരിച്ചാല്‍ കമ്പനിക്കു ലഭിക്കുന്ന ലാഭംകൂടി കണക്കിലെടുത്താണ് ഇത്രയും തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നും ജിഎംആര്‍ (എയര്‍പോര്‍ട്ട്) സിഎഫ്ഒ സിദ്ധാര്‍ഥ് കപൂര്‍ പറഞ്ഞു. ജിഎംആര്‍ ഏകദേശം 1.5 കോടി ഡോളര്‍ പണമായും 3.5 കോടിയുടെ ബാങ്ക് വായ്പയായും പദ്ധതിനിര്‍വഹണത്തിനായി മാലിയില്‍ മുടക്കിയിട്ടുണെ്ടന്നു മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദിന്റെ പ്രസ് സെക്രട്ടറി മസൂദ് ഇമാദ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സിംഗപ്പുര്‍ നിയമങ്ങള്‍ക്കു വിധേയമായി ജിഎംആര്‍ മാലി സര്‍ക്കാരുമായി ഒപ്പിട്ട കരാറില്‍ നിയമവിധേയ കണപ്പെടുപ്പു നടത്താന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കരാര്‍ പ്രകാരം ജിഎംആറിനു 1.5 -3.5 കോടി ഡോളറിന്റെ നഷ്ടപരിഹാരമാണു ലഭിക്കാന്‍ അര്‍ഹതയുള്ളത്. 2010 ല്‍ മുഹമ്മദ് നഷീദിന്റെ ഭരണകാലത്താണ് മാലി സര്‍ക്കാരുമായി ഏകദേശം 50 കോടി ഡോളറിന്റെ വിമാനത്താവള കരാര്‍ ജിഎംആര്‍ ഒപ്പുവയ്ക്കുന്നത്. നിയമയുദ്ധത്തിനുശേഷം ഡിസംബര്‍ ആറിനാണ് ജിഎംആറിനെ വിമാനത്താവള നിര്‍മാണക്കരാറില്‍നിന്നു മാലി സര്‍ക്കാര്‍ പുറത്താക്കുന്നത്.