സംസ്ഥാന സര്‍ക്കാരിന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വിമര്‍ശനം

single-img
10 December 2012

വിലക്കയറ്റം, മണല്‍ മാഫിയകളുടെ വിളയാട്ടം എന്നീ വിഷയങ്ങള്‍ നിയന്ത്രിക്കാത്തതിന് സര്‍ക്കാരിന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ രൂക്ഷ വിമര്‍ശനം. തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സര്‍ക്കാരിനെതിരെ എംഎല്‍എമാര്‍ രംഗത്തെത്തിയത്. വിലക്കയറ്റം ജനത്തെ വലയ്ക്കുമ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ മാറിനില്‍ക്കുകയാണ് ചെയ്തത്. വിപണിയില്‍ സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. പാലോട് രവി അടക്കമുള്ള എംഎല്‍എമാര്‍ വിലക്കയറ്റ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. നയപരമായ കാര്യങ്ങളില്‍ വിമര്‍ശനം തുടരുമെന്ന് ടി.എന്‍ പ്രതാപനും വി.ഡി സതീശനും യോഗത്തില്‍ പറഞ്ഞു. സബ്‌സിഡി നിരക്കില്‍ പാചക വാതകം കിട്ടാതായതോടെ സ്‌കൂളുകളിലേയും അനാഥാലയങ്ങളിലേയും ഭക്ഷണ വിതരണം പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ഹൈബി ഈഡന്‍ യോഗത്തില്‍ പറഞ്ഞു. കേന്ദ്ര മന്ത്രിമാര്‍ കേരളത്തിലെത്തി സര്‍ക്കാരിനെ കടിച്ചു കീറുകയാണെന്നായിരുന്നു വര്‍ക്കല കഹാറിന്റെ വിമര്‍ശനം. എംഎല്‍എമാരുടെ ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് കളക്ടറെ മണല്‍ മാഫിയ ആക്രമിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു.