മുള്ളറുടെ റിക്കാര്‍ഡ് പഴങ്കഥയാക്കി മെസി

single-img
10 December 2012

സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരെ നടന്ന മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടിയ മെസി ഒരിക്കല്‍ കൂടി ചരിത്രം തിരുത്തിയെഴുതി. ജര്‍മന്‍ താരം ഗെര്‍ഡ് മുള്ളറുടെ നാലു ദശകങ്ങള്‍ ഇളക്കമില്ലാതെ തുടര്‍ന്ന റിക്കാര്‍ഡാണ് മെസി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മുള്ളറുടെ റിക്കാര്‍ഡ് മെസി പഴങ്കഥയാക്കി. ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മനിയുടെയും കുപ്പായങ്ങളില്‍ തിളങ്ങിയ മുള്ളര്‍ 1972ല്‍ സ്ഥാപിച്ച 85 ഗോളുകളുടെ റിക്കാര്‍ഡാണ് മെസി തകര്‍ത്തത്.

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ബെന്‍ഫിക്ക ഗോളിയുമായി കൂട്ടിയിടിച്ചുവീണ മെസിയുടെ കാല്‍മുട്ടിനു പരിക്കേറ്റിരുന്നു. എന്നാല്‍ ഇതൊന്നും മെസിയെ തളര്‍ത്തിയില്ല. പൂര്‍വ്വാധികം ശക്തിയോടെ ബെറ്റിസിനെതിരെ കളത്തിലിറങ്ങിയ മെസി പതിനാറാം മിനിറ്റില്‍ തന്നെ എതിരാളികളുടെ വലയില്‍ വെടിപൊട്ടിച്ചു. പ്രതിരോധനിരയെ കബളിപ്പിച്ച് മിന്നല്‍പോലെ മുന്നേറിയ മെസി ബെറ്റിസിന്റെ വലത്തേമൂലയില്‍ പന്ത് നിക്ഷേപിച്ചു. മുള്ളറുടെ റിക്കാര്‍ഡിനൊപ്പം എത്തിയ നിമിഷം. പിന്നെ ആരാധകര്‍ക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല, നേട്ടങ്ങളുടെ നെറുകയിലേയ്ക്കുള്ള തങ്ങളുടെ പ്രിയതാരത്തിന്റെ കുതിപ്പ് കാണാന്‍. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ലോ ഡ്രൈവിലൂടെ അനായാസമായി നേടിയ ഗോളിലൂടെ മെസി പുതിയ ചരിത്രം രചിച്ചു. മെസിയുടെ ഡബിളില്‍ ബെറ്റിസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ബാഴ്‌സ പരാജയപ്പെടുത്തി. ബെറ്റിസിനു വേണ്ടി റൂബന്‍ കാസ്‌ട്രോ(39) ആശ്വാസഗോള്‍ നേടി.