യെദിയൂരപ്പയുടെ പാര്‍ട്ടി കെജെപി നിലവില്‍ വന്നു

single-img
9 December 2012

കര്‍ണാടകയിലെ ബിജെപി ഭരണത്തിന് അന്ത്യംകുറിക്കുമെന്നു പ്രഖ്യാപിച്ചു മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കര്‍ണാടക ജനതാ പാര്‍ട്ടി (കെജെപി) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. വടക്കന്‍ കര്‍ണാടകയിലെ ഹാവേരിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലിക്കുശേഷം നടന്ന പൊതുസമ്മേളനത്തിലാണു കര്‍ണാടക ജനതാ പാര്‍ട്ടിയുടെ സ്ഥാപനപ്രഖ്യാപനം നടത്തിയത്. യെദിയൂരപ്പയാണു പാര്‍ട്ടി അധ്യക്ഷന്‍. ജനറല്‍ സെക്രട്ടറിയായി എം.ഡി. ലക്ഷ്മിനാരായണയെ തെരഞ്ഞെടുത്തു. അച്ചടക്കനടപടി അവഗണിച്ച് യെദിയൂരപ്പാ അനുകൂലികളായ 13 ബിജെപി എംഎല്‍എമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവുമെന്നു ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷമായ ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിനെ നേരിടാന്‍ യെദിയൂരപ്പ വെല്ലുവിളിച്ചു. ബിജെപിയുടെ അന്ത്യം അടുത്തെന്നും കര്‍ണാടക മന്ത്രിസഭയിലെ പത്തു മന്ത്രിമാരുടെയും 50 എംഎല്‍എമാരുടെയും പിന്തുണ തനിക്കുണെ്ടന്നും യെദിയൂരപ്പ പറഞ്ഞു. ബിജെപി നേതൃത്വത്തിനും അഞ്ചുമാസം മാത്രം പ്രായമുള്ള ഷെട്ടാര്‍ മന്ത്രിസഭയ്ക്കും കടുത്ത പ്രഹരമാണു യെദിയൂരപ്പയുടെ പുതിയ പാര്‍ട്ടി. ബിജെപിയില്‍നിന്നു നിരവധി നേതാക്കള്‍ രാജിവച്ചു കെജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. കെജെപിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ചുവരുകയാണ്.