വിവാദ ഉത്തരവ് മുര്‍സി റദ്ദാക്കി

single-img
9 December 2012

പരമാധികാരം ഏറ്റെടുത്തുകൊണ്ടു രാജ്യത്തെ പ്രക്ഷോഭത്തിലേക്കു തള്ളിവിട്ട നവംബര്‍ 22ലെ വിവാദ ഉത്തരവിലെ ഭൂരിഭാഗം വകുപ്പുകളും ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഭാഗികമായി റദ്ദാക്കി. എന്നാല്‍ ഭരണഘടനാ കരടിന്‍മേല്‍ 15നു നിശ്ചയിച്ചിരിക്കുന്ന ഹിതപരിശോധന മാറ്റിവയ്ക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. ഹിതപരിശോധന മാറ്റിവയ്ക്കാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം തുടരുമെന്നു പ്രതിപക്ഷം വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രത്യാഘാതം ദാരുണമായിരിക്കുമെന്നു സൈന്യം മുന്നറിയിപ്പു നല്കിയതിനു പിന്നാലെയാണു മുര്‍സി വിട്ടുവീഴ്ചയ്ക്കു തയാറായത്. തന്റെ തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്ന ഏറ്റവും വിവാദമായ വകുപ്പ് പിന്‍വലിച്ചിട്ടുണ്ട്. നവംബര്‍ 22ലെ ഉത്തരവ് റദ്ദാക്കി പുതിയതു മുര്‍സി പ്രഖ്യാപിച്ചതായി ശനിയാഴ്ച രാത്രി നടന്ന ദേശീയ ചര്‍ച്ചയ്ക്കുശേഷം മുര്‍സിയുടെ ഉപദേശകന്‍ സെലിം അല്‍അവാ അറിയിക്കുകയായിരുന്നു. എന്നാല്‍, 15ലെ ഹിതപരിശോധന മാറ്റിവയ്ക്കാനാവില്ല. ഇക്കാര്യത്തില്‍ മറ്റു പോംവഴികളില്ല. ഹിതപരിശോധനയില്‍ ഭരണഘടനാ കരട് തള്ളപ്പെട്ടാല്‍ പുതിയതൊന്നു ജനപ്രതിനിധികള്‍ തയാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.