കര്‍ണാടകയില്‍ ബിജെപി വീഴുന്നു

single-img
8 December 2012

അടുത്തയിടെ ബിജെപി വിട്ട മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തന്റെ പുതിയ പാര്‍ട്ടിയായ കര്‍ണാടക ജനതാ പാര്‍ട്ടി(കെജെപി)യുടെ രൂപവത്കരണം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ അദ്ദേഹത്തിന്റെ വിശ്വസ്തരായ മന്ത്രിയെയും എംപിയെയും ബിജെപി നേതൃത്വം പുറത്താക്കി. സഹകരണമന്ത്രി ബി.ജെ. പുട്ടസ്വാമിയെ മന്ത്രിസഭയില്‍നിന്നും ലോക്‌സഭാംഗം ജി.എസ്. ബാസവരാജിനെ പാര്‍ട്ടിയില്‍നിന്നുമാണു പുറത്താക്കിയത്. ഇതോടെ കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായി. തന്റെ അനുയായികള്‍ക്കെതിരേ അച്ചടക്കനടപടിയെടുത്താല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നു യെദിയൂരപ്പ നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു. ഈ സാഹചര്യത്തില്‍ വടക്കന്‍ കര്‍ണാടകയിലെ ഹാവേരിയില്‍ യെദിയൂരപ്പ ഇന്നു സംഘടിപ്പിച്ചിട്ടുള്ള പാര്‍ട്ടിപ്രഖ്യാപന സമ്മേളനം ഏവരും ഉറ്റുനോക്കുകയാണ്.

നിയമസഭയുടെ ശീതകാലസമ്മേളനം നടക്കുന്ന ബല്‍ഗാമില്‍ തന്റെ വിശ്വസ്തരായ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വെള്ളിയാഴ്ച യെദിയൂരപ്പ വിളിച്ചുചേര്‍ത്തിരുന്നു. പ്രഭാതഭക്ഷണത്തിനെന്ന വ്യാജേന സ്വകാര്യ ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഏഴു മന്ത്രിമാരും 23 എംഎല്‍എമാരും പങ്കെടുത്തു. ഇതോടെയാണ് അച്ചടക്കനടപടിയുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കു താക്കീതെന്ന നിലയിലാണു രണ്ടു മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. പത്തു മന്ത്രിമാരും 50 എംഎല്‍ എമാരും തന്നോടൊപ്പമുണെ്ടന്ന് യെദിയൂരപ്പ ഇന്നലെ രാത്രി അവകാശപ്പെട്ടു. സ്ഥിതിഗതികള്‍ കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കാനായി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.എസ്.ഈശ്വരപ്പയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.