Latest News

വി.എസിനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി

വി.എസ്. അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി എച്ച്.എസ് സതീശ് ചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. വി.എസിനെതിരായ കേസ് നിലനില്‍ക്കുന്നതല്ല. അതിനാല്‍ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കുകയാണ്. വി.എസിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ട്. ബന്ധുവിന് ഭൂമി നല്‍കാന്‍ വി.എസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല. വി.എസ് ഇത്തരത്തില്‍ ഭൂമി നല്‍കാന്‍ ഇടപെടുമെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

അഴിമതി രഹിതനായ വ്യക്തിയെ കുരിശിലേറ്റാനുള്ള ശ്രമം വൃഥാവിലാകും. കേസില്‍ നിന്ന് പ്രാഥമികമായി കുറ്റക്കാരായ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയതും സംശയമുണ്ടാക്കുന്നതാണെന്ന് 53 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. എന്നാല്‍ മുന്‍ റവന്യൂ മന്ത്രി കെ.പി.രജേന്ദ്രന്‍ അടക്കമുള്ള മറ്റ് നാല് പ്രതികള്‍ക്കെതിരേയുള്ള കേസ് കോടതി റദ്ദാക്കിയിട്ടില്ല.

ഭൂമിദാനക്കേസില്‍ മൂന്ന് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തു നിന്ന് നീക്കിയതില്‍ ഹൈക്കോടതി ബുധനാഴ്ച സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വി.എസിനെ പ്രതിസ്ഥാനത്തു നിന്ന് ഹൈക്കോടതി ഒഴിവാക്കിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് മൂന്ന് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തു നിന്ന് നീക്കിയതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥ ഷീല തോമസ്, റവന്യൂ കമ്മീഷണര്‍ മുരളീധരന്‍, മുന്‍ കാസര്‍ഗോഡ് കളക്ടര്‍ ആനന്ദ് സിംഗ് എന്നിവരെയാണ് വിജിലന്‍സ് പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വി.എസ് അച്യുതാനന്ദന്റെ വാദത്തിന് പിന്‍ബലമേകുന്നതാണ് കോടതി വിധി. കേസില്‍ വി.എസിനെതിരായ തുടര്‍ നടപടികളെല്ലാം ഇതോടെ റദ്ദാക്കിയിരിക്കുകയാണ്. വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടാനിരിക്കെയാണ് കോടതി വിധി വന്നിരിക്കുന്നത്.