സഹകരണപ്രസ്ഥാനത്തിനെ മന്ത്രിതന്നെ തകര്‍ക്കുന്നു: വിഎസ്

single-img
6 December 2012

കേരളത്തില്‍ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ സഹകരണമന്ത്രി തന്നെ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. നായരമ്പലം സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കിലും സംസ്ഥാന സഹകരണ ബാങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇപ്പോഴില്ല.

വായ്പാസംഘങ്ങള്‍ക്ക് മാത്രം വോട്ടവകാശം നല്‍കുന്നതിന് പകരം സ്‌കൂള്‍ സൊസൈറ്റികള്‍ക്കും നിര്‍ജീവ സംഘങ്ങള്‍ക്കുമെല്ലാം ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കി ഈ രംഗത്ത് അരാജകത്വമുണ്ടാക്കുന്നതിന് സര്‍ക്കാര്‍ ഭരണസമിതി പിരിച്ച് വിട്ടതാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. സഹകരണമേഖലയിലെ നിക്ഷേപം സ്വകാര്യ പുത്തന്‍ തലമുറ ബാങ്കുകള്‍ക്ക് തിരിച്ചുവിടാനാണ് നീക്കം. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട സഹകരണമേഖലയില്‍ പുതിയ കേന്ദ്രനിയമം അടിച്ചേല്‍പ്പിക്കുന്നത് ഇതിനുവേണ്ടിയാണ്. സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം അട്ടിമറിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതശ്രമം നടത്തുകയാണ്.സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ട് വഴിയേ നല്‍കൂ എന്ന് പറയുന്നത് ഭാവിയില്‍ എല്ലാ സബ്‌സിഡികളും ഒഴിവാക്കാനാണ്. ചില്ലറ വില്‍പന മേഖല വിദേശകുത്തകകള്‍ക്ക് തുറന്ന് കൊടുത്തുകൊണ്ടുള്ള ജനദ്രോഹത്തിനെതിരെ രാജ്യത്താകെ ശക്തമായ പ്രതിഷേധമുയര്‍ന്നുവരികയാണെന്നും വി.എസ്. പറഞ്ഞു.