old

ഇംഗ്ലണ്ട് മികച്ച നിലയില്‍

ഈഡനില്‍ അലിസ്റ്റര്‍ കുക്കിന്റെ ബാറ്റിംഗ്ചൂടേറ്റ് ഇന്ത്യവിയര്‍ക്കുന്നു. വിക്കറ്റ് വലിച്ചെറിയാന്‍ മത്സരിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു മുന്നില്‍ ക്ഷമയോടെ ബാറ്റ്‌ചെയ്താണ് ഇംഗ്ലണ്ട് മത്സരത്തില്‍ മേധാവിത്വം സ്വന്തമാക്കിയത്. കൈയില്‍ക്കിട്ടിയ പന്ത് എറിയാന്‍മാത്രമായി ഇന്ത്യന്‍ബൗളര്‍മാര്‍ അണിനിരന്നതോടെ കുക്കിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമായെന്നുമാത്രം. ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ഓപ്പണര്‍ നിക്ക് കോംപ്റ്റന്റെ മാത്രം വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എടുത്തുനില്‍ക്കുകയാണ് ഇംഗ്ലീഷ്പട.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 316 റണ്‍സിനു മറുപടി പറയാനെത്തിയ കുക്കും കോംപ്റ്റണും (57) ക്ഷമാപൂര്‍വം ക്രീസില്‍ പിടിച്ചുനില്‍ക്കുന്നതെങ്ങനെയെന്ന് ഇന്ത്യക്കാരെ പഠിപ്പിക്കുകയായിരുന്നു. ഇരുവരുംചേര്‍ന്ന് ഒന്നാംവിക്കറ്റില്‍ 165 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒമ്പതുവിക്കറ്റുകള്‍ ശേഷിക്കേ ലീഡ്‌നേടാന്‍ ഇംഗ്ലണ്ടിന് 101 റണ്‍സ് മാത്രംമതി. 23-ാം സെഞ്ചുറി നേട്ടത്തിലൂടെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരുപിടി റിക്കാര്‍ഡുകളും സ്വന്തംപേരിലാക്കി. പരമ്പരയില്‍ കുക്കിന്റെ മൂന്നാംസെഞ്ചുറിയാണ് കോല്‍ക്കത്തയില്‍ പിറന്നത്.