സ്‌കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പ്: ജനനസര്‍ട്ടിഫിക്കറ്റുമായി മാതാപിതാക്കള്‍

single-img
6 December 2012

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാണക്കേടായി മാറിയ പ്രായത്തട്ടിപ്പിനെച്ചൊല്ലിയുള്ള വിവാദം വീണ്ടും പുകയുന്നു. അയോഗ്യരാക്കപ്പെട്ട രണ്ടു താരങ്ങളുടെ മാതാപിതാക്കള്‍ മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുമായി രംഗത്തെത്തിയതോടെയാണ് വിവാദത്തിന് പുതിയ മാനം കൈവന്നത്.

പ്രായത്തട്ടിപ്പ് നടത്തിയതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് ഇന്നലെ അയോഗ്യരാക്കിയ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഷാലു പ്രഹ്‌ളാദന്റെയും ലെനില്‍ ജോസഫിന്റെയും മാതാപിതാക്കളാണ് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ കായികമേള നടക്കുന്ന വേദിയിലെത്തിയത്. സ്‌കൂളുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഭവത്തിന് അടിസ്ഥാനമെന്ന് ഷാലു പ്രഹ്ലാദന്റെ പിതാവ് പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സ്‌കൂള്‍ മാനേജ്‌മെന്റുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാലു പ്രഹ്‌ളാദനെയും ലെനിന്‍ ജോസഫിനെയും കൂടാതെ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെ മുഹമ്മദ് സാഹിനൂറിനെയും അയോഗ്യനാക്കിയിരുന്നു. 100, 80 മീറ്റര്‍ ഹര്‍ഡില്‍സ് 4-100 മീറ്റര്‍ റിലേ എന്നീ ഇനങ്ങളില്‍ സ്വര്‍ണം നേടിയ താരമാണ് മുഹമ്മദ് സാഹിനൂര്‍. സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹൈജംപില്‍ സ്വര്‍ണവും ഡിസ്‌കസ് ത്രോയില്‍ വെള്ളിയും ഷോട്ട്പുട്ടില്‍ വെങ്കലവും നേടിയ താരമാണ് ലെനിന്‍ ജോസഫ്. സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ മെഡല്‍ നേടിയ താരമാണ് ഷാലു.