മുര്‍സിയുടെ കൊട്ടാരത്തിനു മുന്നില്‍ ടാങ്കുകള്‍ വിന്യസിച്ചു

single-img
6 December 2012

ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ മുര്‍സിയുടെ കൊട്ടാരത്തിനു വെളിയില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കൊട്ടാരത്തിനു വെളിയില്‍ സൈന്യത്തിന്റെ ടാങ്കുകള്‍ വിന്യസിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ ഗാര്‍ഡുകള്‍ കൊട്ടാര പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പ്രകടനക്കാരോടും മാധ്യമ പ്രവര്‍ത്തകരോടും സ്ഥലംവിടാന്‍ സൈന്യം ആജ്ഞാപിച്ചു. മുര്‍സിവിരുദ്ധര്‍ ഏതാനും ദിവസമായി കൊട്ടാരത്തിനു വെളിയില്‍ ക്യാമ്പുചെയ്ത് സമരം നടത്തിവരികയായിരുന്നു. ബുധനാഴ്ച മുര്‍സിയെ അനുകൂലിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ അനുയായികള്‍ പ്രകടനമായി എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇരുകൂട്ടരും തോക്കുകളും ബോംബുകളും ഉപയോഗിച്ച് പോരാടി. ഏറ്റുമുട്ടലുകളില്‍ അഞ്ചുപേര്‍ക്കു ജീവഹാനി നേരിടുകയും 644 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.