പത്തനംതിട്ട സംസ്ഥാനത്തെ പ്രഥമ ഇ-ജില്ല

single-img
4 December 2012

സംസ്ഥാനത്തെ പ്രഥമ ഇ – ജില്ലയായി പത്തനംതിട്ടയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു പ്രഖ്യാപിക്കും. സുതാര്യവും നിഷ്പക്ഷവുമായി വേഗത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഇ-ജില്ലാ പദ്ധതിയിലൂടെ കൈവരിക്കുന്നത്. വീടിനടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലൂടെ പൗരന്മാര്‍ക്ക് ഓണ്‍ലൈനായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വെള്ളം, വൈദ്യുതി, വിവിധ നികുതികള്‍, ഫീസുകള്‍ തുടങ്ങിയവ അടയ്ക്കുന്നതിനുമടക്കം നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഇ-ജില്ലാ പദ്ധതി വഴി ലഭ്യമാകും. അധികാരികളുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ ആധികാരിക സര്‍ട്ടിഫിക്കറ്റുകള്‍ ഇ-ജില്ലാ പദ്ധതിയിലൂടെ അപേക്ഷകര്‍ക്ക് ലഭിക്കും. വില്ലേജ് ഓഫീസുകള്‍ മുഖേന ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് പ്രധാനമായും പ്രാഥമിക ഘട്ടത്തില്‍ ലഭ്യമാകുന്നത്.

ഇ-ജില്ലാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം നാലിനു പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശ് ഇ-സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ.കുര്യന്‍ മുഖ്യാതിഥിയായിരിക്കും. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.