സ്‌കൂള്‍ കായികമേള: പാലക്കാട് കുതിപ്പ് തുടങ്ങി

single-img
4 December 2012

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പാലക്കാടിന്റെ ചുണക്കുട്ടികള്‍ കുതിപ്പ് തുടങ്ങി. മേളയിലെ ആദ്യ നാലു സ്വര്‍ണവും നേടിയത് പാലക്കാടിന്റെ കുട്ടികളാണ്. നാലു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവുമായാണ് പാലക്കാട് മുന്നേറുന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പറളി സ്‌കൂളിലെ എം. കിഷോര്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ പറളി സ്‌കൂളിലെ തന്നെ എ സതീഷ് വെള്ളി നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു ചിത്ര സ്വര്‍ണം നേടിയപ്പോള്‍ മുണ്ടൂരിന്റെ തന്നെ വിദ്യ വെള്ളി സ്വന്തമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്‌കൂളിന്റെ മുഹമ്മദ് അഫ്‌സല്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുണ്ടൂര്‍ സ്‌കൂളിന്റെ അര്‍ച്ചന സ്വര്‍ണം നേടി. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും പാലക്കാട് തന്നെ സ്വന്തമാക്കി. ഇതുവരെ തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകള്‍ ഓരോ വെങ്കലം വീതം നേടി. കോതമംഗലം ടീമുകളുടെ ബലത്തില്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ ട്രാക്കില്‍ ഇറങ്ങിയ എറണാകുളത്തിനു കനത്ത വെല്ലുവിളിയാണ് പാലക്കാട് ഉയര്‍ത്തുന്നത്.