കറാച്ചിയില്‍ ഹൈന്ദവക്ഷേത്രം ഇടിച്ചു നിരത്തി; വ്യാപക പ്രതിഷേധം

single-img
4 December 2012

പാക് നഗരമായ കറാച്ചിയ്ക്കടുത്തു റോഡരികില്‍ നിലനിന്ന പുരാതന ഹൈന്ദവക്ഷേ ത്രം പൊളിച്ചുനീക്കി. സ്വകാര്യ കെട്ടിട നിര്‍മാതാവാണു യാതൊരു മുന്നറിയിപ്പുംകൂടാതെ നഗരത്തിലെ സോല്‍ജിയര്‍ ബസാറിലുള്ള ശ്രീരാമ പിര്‍ മന്ദിര്‍ ക്ഷേത്രം ബുള്‍ഡോസറുകള്‍ക്കൊണ്ട് ഇടിച്ചുനിരപ്പാക്കിയത്. 50 വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം. തൊട്ടടുത്തുള്ള നാല്പതോളം വീടുകളും ഇടിച്ചു നിരപ്പാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഹിന്ദുക്കളുടെ വീടുകളാണ്. സംഭവത്തില്‍ പ്രതിഷേധിച്ചു പാക്കിസ്ഥാന്‍ ഹിന്ദു കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കറാച്ചി നഗരത്തില്‍ പ്രകടനം നടത്തി. ഇന്ത്യയിലേക്കു പോകുവാന്‍ തങ്ങളെ അനുവദിക്കണമെന്നും ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്തുതരണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. സിന്ധ് ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കെയാണു സ്വകാര്യ നിര്‍മാതാവ് യാതൊരു മുന്നറിയിപ്പും കൂടാതെ ക്ഷേത്രവും വീടുകളും പൊളിച്ചുനീക്കിയത്. ക്ഷേത്രം പൊളിച്ചുമാറ്റാനുള്ള കെട്ടിട നിര്‍മാതാവിന്റെ നീക്കത്തിനെതിരേ ഹൈന്ദവസംഘടനകള്‍ സിന്ധ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഈ വിഷയം വിശദമായി പരിഗണിക്കാനിരിക്കെയാണ് ക്ഷേത്രം പൊളിച്ചുനീക്കിയത്.

നിര്‍മാതാവിന്റെ ഈ നീക്കത്തിന് പ്രാദേശിക ഭരണാധികാരികളുടെ പിന്തുണയും ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങള്‍ തകര്‍ത്തില്ലെങ്കിലും ഇവയില്‍ അണിയിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായും ആരോപണമുണ്ട്.

എന്നാല്‍, ഇവിടെ നിലവില്‍ ക്ഷേത്രമില്ലെന്നും അനധികൃതമായി നിര്‍മിച്ച ഏതാനും വീടുകളില്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുകയായിരുന്നുവെന്നും വിഗ്രഹങ്ങള്‍ക്ക് യാതൊരു കേടുപാടും വരുത്തിയിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു. അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ വീട്ടുടമകള്‍ക്ക് ഏറെ സമയം നല്‍കിയിരുന്നതായും പോലീസ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അടിയന്തരമായി റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു സമൂഹത്തോടും യാതൊരു തരത്തിലും വിവേചനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും പ്രസിഡന്റിന്റെ വക്താവ് ഫര്‍ഹാത്തുള്ള ബാബര്‍ വ്യക്തമാക്കി.