കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു

single-img
3 December 2012

മന്നോട്ട്കോണത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. വെങ്ങാനൂര്‍ നെല്ലിയറത്തല വീട്ടില്‍ ചന്ദ്രന്റെയും ലളിതയുടെയും മകന്‍ പ്രവീണ്‍ (25), ആട്ടറമൂല കണ്ണറ മേലെവീട്ടില്‍ പരേതനായ മോഹനന്റെയും സലീലയുടെയും മകന്‍ ടിങ്കു എന്നു വിളിക്കുന്ന സതീഷ് മോഹന്‍ (23), കോട്ടുകാല്‍ കീഴേ അറപ്പുരയ്ക്കല്‍ പിള്ളവീട്ടില്‍ പരേതനായ ചന്ദ്രശേഖരന്‍ നായരുടെയും വത്സലയുടെയും മകന്‍ ശ്രീജിത്ചന്ദ്രന്‍ (25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

വെള്ളത്തില്‍ കിടന്ന പലക എടുത്തുമാറ്റുന്നതിനായി കയറില്‍ തൂങ്ങി താഴോട്ട് ഇറങ്ങുന്നുന്നതിനിടയില്‍ ശ്വാസം കിട്ടാതെ പ്രവീണ്‍ കിണറിനുള്ളിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പ്രവീണിനെ രക്ഷിക്കാനിറങ്ങിയ സതീഷ് മോഹനനും ശ്വാസം കിട്ടാതെ കിണറ്റില്‍ അകപ്പെട്ടു. പിന്നാലെ ഇരുവരെയും രക്ഷിക്കാനിറങ്ങിയ ശ്രീജിത് ചന്ദ്രനും കിണറിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം നടന്നയുടന്‍ ഓടിക്കൂടിയ മഹേഷ് എന്ന നാട്ടുകാരന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ശരീരത്തില്‍ വടംകെട്ടി പകുതിയോളം ഇറങ്ങിയെങ്കിലും ശ്വാസ തടസം ഉണ്ടായതിത്തെുടര്‍ന്നു നാട്ടുകാര്‍ കരയിലേക്കു വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.ചെങ്കല്‍ചൂളയില്‍ നിന്ന് അഗ്‌നിശമനസേനയുടെ യൂണിറ്റിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കിണറ്റില്‍ അകപ്പെട്ട ഓരോരുത്തരെയായി പുറത്തെടുത്ത് ആസ്പത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സതീഷ്‌മോഹന്‍, പ്രവീണ്‍, ശ്രീജിത്ചന്ദ്രന്‍ എന്നിവരുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.